ഇന്ത്യയിൽ ഉടനീളമുള്ള യു എ പി എ ചുമത്തൽ ആശങ്കാജനകമെന്ന് യുഎൻ മനുഷ്യാവകാശ കമ്മിഷണർ
ഇന്ത്യയിൽ എമ്പാടും യു എ പി എ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സ്ഥിതിഗതികൾ ആശങ്കാ ജനകമാണെന്നും ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷണർ മിഷെൽ ബാഷ്ലെ. രാജ്യത്ത് അൺലോഫുൾ ആക്റ്റിവിറ്റീസ് പ്രിവൻഷൻ ആക്റ്റ് (യു എ പി എ) പ്രകാരം ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനം ജമ്മു കശ്മീർ ആണ്. യു എ പി എ യുടെ വ്യാപകമായ ദുരുപയോഗം വേദനാജനകമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ആളുകൾ കൂട്ടം കൂടുന്നത് തടയുന്നതും ഇടയ്ക്കിടെയുളള ഇന്റർനെറ്റ് ബ്ലാക്ക് ഔട്ടുകളും ജമ്മു കശ്മീരിൽ ഇപ്പോഴുമുണ്ട്. അത് തുടരുന്നത് വേദനാജനകമാണ്. ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയതിന് നൂറു കണക്കിന് ആളുകളാണ് കരുതൽ തടങ്കലിൽ കഴിയുന്നത്. മാധ്യമ പ്രവർത്തകരും ഇവിടെ കടുത്ത സമ്മർദത്തിലാണ് കഴിയുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
ഇത്തരം കടുത്ത നിയന്ത്രണങ്ങൾ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇടയാക്കും. യു എ പി എ നിലവിലെ രൂപത്തിൽ തുടരുന്നത് വലിയ വെല്ലുവിളിയാണെന്നും ഒരു ജനാധിപത്യ രാജ്യത്തിനും ഭൂഷണമല്ലെന്നും അടുത്തിടെ സുപ്രീം കോടതി മുൻ ജസ്റ്റിസ് ദീപക് ഗുപ്ത അഭിപ്രായപ്പെട്ടിരുന്നു.