ആഗോള ഭക്ഷ്യ സുരക്ഷയിൽ ആശങ്ക; 2030 ലെ ഭക്ഷ്യ സുരക്ഷാ ലക്ഷ്യം 'ഓഫ് ട്രാക്കി'ലെന്ന് യുഎൻ

ആഗോള ഭക്ഷ്യ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ. 73 കോടി മനുഷ്യർ കഴിഞ്ഞവർഷം കടുത്ത പട്ടിണിയിലായിരുന്നു എന്നാണ് കണക്ക്. 2030ൽ പട്ടിണി ഇല്ലാതാക്കുക എന്ന ലക്ഷ്യം ഏറെ അകലെയാണെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ലോകം മുഴുവൻ തുടരുന്ന ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും മനുഷ്യ ജീവിതത്തെ പട്ടിണിയിലേക്ക് മുറുക്കിക്കെട്ടി എന്നാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം കടുത്ത പട്ടിണിയിൽ അമർന്ന മനുഷ്യരുടെ എണ്ണം 73 കോടിയിലധികമാണ്. പട്ടിണി മൂലം 14.8 കോടി കുട്ടികളുടെ വളർച്ച മുരടിച്ചതായും സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷൻ ഇൻ ദി വേൾഡ് റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്.2019ൽ നിന്ന് 2022ലേക്ക് കണക്കുകളിലൂടെ കണ്ണോടിച്ചാൽ പട്ടിണിയിലായ മനുഷ്യരുടെ എണ്ണം മാത്രം 12 കോടിയിലധികമാണ്. തെക്കേ അമേരിക്കയിലും ഏഷ്യയിലും പട്ടിണിയുടെ നിരക്ക് കുറയുന്നുണ്ടെങ്കിലും പശ്ചിമേഷ്യയും കരീബിയൻ രാഷ്ട്രങ്ങളും ആഫ്രിക്കയുമാണ് ഇപ്പോൾ പട്ടിണിയുടെ 20ശതമാനവും പേറുന്നത്. ആഗോളവും പ്രാദേശികവുമായ പ്രതിവിധികൾ തേടി നടപ്പാക്കി പട്ടിണി പൂർണമായും ഇല്ലാതാക്കുക തന്നെയാണ് ലോക ലക്ഷ്യം.

Related Posts