താലിബാൻ ഭരണത്തിൽ സ്ത്രീകൾ അവിശ്വസനീയ ഭയം അനുഭവിക്കുന്നതായി യു എൻ

അഫ്ഗാനിസ്താനിലെ സ്ത്രീകൾ അവിശ്വസനീയമായ ഭയത്തിൻ്റെ പിടിയിലാണെന്ന് യു എൻ വിമൺ ഇൻ അഫ്ഗാനിസ്താൻ ഡെപ്യൂട്ടി ഹെഡ് അലിസൺ ഡവിഡിയൻ. സ്ത്രീകൾക്ക് വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ച 90 കളിലെ താലിബാൻ ഭരണ കാലത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അവർ ആരോപിച്ചു.

സ്ത്രീകൾക്കുള്ള അവകാശങ്ങളെ സംബന്ധിച്ച പുതിയ ഭരണകൂടത്തിൻ്റെ നിലപാടിലെ വ്യക്തതക്കുറവാണ് ഈ ഭയത്തിന് കാരണം. ഇത് രാജ്യമെമ്പാടും പ്രകടമാണ്. സ്ത്രീകളുടെ അവകാശങ്ങളിൽ ദിനംപ്രതിയെന്നോണം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ടുകൾ വരുന്നുണ്ട്. ബന്ധുവായ പുരുഷനൊപ്പമല്ലാതെ സ്ത്രീകളെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. പല പ്രദേശങ്ങളിലും ജോലിക്കാരായ സ്ത്രീകളെ തടയുന്നുണ്ട്. സ്ത്രീകൾക്കുള്ള സുരക്ഷാ കേന്ദ്രങ്ങളിൽ അഭയം പ്രാപിച്ച സ്ത്രീ ആക്റ്റിവിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അരങ്ങേറുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇസ്ലാമിക നിയമങ്ങൾക്കനുസൃതമായി സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്ന് തുടക്കത്തിൽ പ്രഖ്യാപിച്ചെങ്കിലും ദിവസം ചെല്ലുംതോറും തൊണ്ണൂറുകളിലെ താലിബാൻ ഭരണത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്ന് യു എൻ ഉദ്യോഗസ്ഥ ആരോപിച്ചു. ഓസ്ട്രേലിയൻ മാധ്യമമായ എസ് ബി എസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് പറഞ്ഞത് സ്ത്രീകളെ ക്രിക്കറ്റ് ഉൾപ്പെടെയുള്ള കളികളിൽ നിന്ന് വിലക്കുമെന്നാണ്. സ്ത്രീകൾക്ക് അത്തരം വിനോദങ്ങൾ അനാവശ്യമാണെന്നും ശരീരം പ്രദർശിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അവരെ അനുവദിക്കില്ലെന്നുമാണ് താലിബാൻ നിലപാട്.

Related Posts