സുബി ഇനിയില്ലെന്ന് ചിന്തിക്കാനാകുന്നില്ല; വിയോഗത്തിൽ സുരേഷ് ഗോപി

സുബി സുരേഷിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടനും എംപിയുമായ സുരേഷ് ഗോപി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേഗത്തിലാക്കാൻ സുരേഷ് ഗോപി ഇടപെട്ടിരുന്നു. സുബി ഇനിയില്ലെന്ന് ചിന്തിക്കാനാകുന്നില്ലെന്നും മരണം ഒഴിവാക്കാൻ സുഹൃത്തുക്കൾ പരമാവധി ശ്രമിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. "കൽപ്പനയ്ക്ക് ഒരു അനുജത്തി ആരാണെന്ന് ചോദിച്ചാൽ, ഒരു കലാകാരിയെന്ന നിലയിൽ മൂന്നോ നാലോ പേരുകളിൽ ഒരാളായി സുബിയുടെ പേര് പറയും. തീരാനഷ്ടമെന്നതിനപ്പുറം സുബി ഇനിയില്ലെന്ന് ചിന്തിക്കാനാകുന്നില്ല സുബി ഊർജ്ജസ്വലമായി പ്രവർത്തിച്ച് തന്‍റെ കുടുംബത്തെ ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറ്റി നല്ല ജീവിത നിലവാരത്തിലേക്ക് കൊണ്ടുവന്നു. ചെറിയ കുട്ടികളോടൊപ്പമുള്ള ടെലിവിഷൻ ഷോകൾ ശ്രദ്ധ നേടിയിരുന്നു. കലാലോകത്തിനു ഇനിയും സുബിയിൽ നിന്ന് ധാരാളം സംഭാവനകൾ ലഭിക്കേണ്ടിയിരുന്നു. പ്രകടനത്തിലും കഴിവിലും മാതൃകയാകേണ്ട കലാകാരിയായിരുന്നു സുബി. സുബിയുടെ മരണം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. ധാരാളം സുമനസ്സുകള്‍ കൂടെ നിന്നു. എറണാകുളം കളക്ടർ രേണുരാജ്, ടിനി ടോം, ഗിന്നസ് പക്രു, നാദിർഷ തുടങ്ങി മിമിക്രി രംഗത്തെ നിരവധി പേർ ഒപ്പമുണ്ടായിരുന്നു" സുരേഷ് ഗോപി പറഞ്ഞു.

Related Posts