ഞാനറിയാതെ ഞാൻ തട്ടിപ്പോവുന്നത് എൻ്റെയൊരു ഹോബിയാണ് മിസ്റ്റർ; ശ്രീനിവാസൻ പറഞ്ഞ തമാശ പങ്കുവെച്ച് സംവിധായകൻ പ്രേംലാൽ
നടൻ ശ്രീനിവാസൻ അതീവ ഗുരുതരാവസ്ഥയിൽ ആണെന്നും ആഞ്ജിയോ പ്ലാസ്റ്റി കഴിഞ്ഞ് ചികിത്സയിൽ ഇരിക്കെ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞെന്നും അടക്കം നിരവധി വ്യാജ വാർത്തകളാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു ന്യൂസ് ചാനലിൻ്റെ ലോഗോ അടക്കം കൊടുത്ത് കള്ള വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ചാനൽ തന്നെ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്. നടൻ മാമുക്കോയ അടക്കം നിരവധി പേർക്ക് സമാനമായ അനുഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്.
ഏതാനും വർഷം മുമ്പ് ഔട്ട്സൈഡർ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോൾ ഉണ്ടായ വേദനാജനകവും എന്നാൽ രസകരവുമായ അനുഭവത്തെ കുറിച്ചാണ് സംവിധായകൻ പി ജി പ്രേംലാൽ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുന്നത്. നാഗർകോവിൽ ആയിരുന്നു ചിത്രത്തിൻ്റെ ലൊക്കേഷൻ. മറ്റൊരിടത്തേക്ക് ലൊക്കേഷൻ ഷിഫ്റ്റ് ചെയ്തതിനെ തുടർന്ന് തങ്ങൾ രണ്ടാളും കാറിൽ പോകുകയായിരുന്നു. താൻ പോയിരുന്ന കാറിൻ്റെ തൊട്ടു പിറകിലുള്ള കാറിലാണ് ശ്രീനിവാസൻ വന്നിരുന്നത്. അപ്പോഴാണ് നടൻ്റെ മരണവാർത്തയറിഞ്ഞ് തനിക്ക് ഒരു ഫോൺ കോൾ വരുന്നത്.
സംവിധായകൻ്റെ ഫേസ്ബുക്ക് കുറിപ്പ് അതേ രൂപത്തിൽ താഴെ:ഔട്ട്സൈഡറിൻ്റെ ഷൂട്ടിംഗ് നാഗർകോവിലിൽ നടക്കുന്നു. ഒരു ദിവസം ഉച്ചയ്ക്ക് ലൊക്കേഷൻ ഷിഫ്റ്റായി ഞങ്ങൾ പുതിയ സ്ഥലത്തേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. എൻ്റെ വണ്ടിയുടെ പുറകേ ശ്രീനിയേട്ടൻ്റെ വണ്ടിയുണ്ട്. അതിനിടയിൽ ഫോണിൽ ഞങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു.
ഒരു പത്തു മിനിറ്റു കഴിഞ്ഞപ്പോൾ എനിക്ക് എറണാകുളത്തുനിന്നൊരു കോൾ. ശ്രീനിയേട്ടൻ്റെ പഴയൊരു സുഹൃത്താണ്. വല്ലാത്ത ആധി നിറഞ്ഞ സ്വരത്തിൽ ''പ്രേംലാലേ... ശ്രീനിയേട്ടനെന്താ പറ്റിയേ?" എന്ന് സുഹൃത്ത്. കാര്യമന്വേഷിച്ചപ്പോൾ നാട്ടിൽ പരക്കുന്ന ഒരു കരക്കമ്പിയിൽ ശ്രീനിയേട്ടൻ ആദരാഞ്ജലികൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടതിൻ്റെയും കേട്ടതിൻ്റെയും ടെൻഷൻ സുഹൃത്ത് പങ്കുവച്ചു. കരക്കമ്പികൾ നൂറു ശതമാനവും പച്ചക്കള്ളമായി പരിവർത്തനപ്പെടുന്നതിനു മുമ്പുള്ള ഒരു കാലമായിരുന്നതിനാൽ ഞാനൊന്നു പകച്ചു. തിരിഞ്ഞുനോക്കിയപ്പോൾ പുറകിലുണ്ട് ശ്രീനിയേട്ടൻ്റെ വണ്ടി. എന്നാലും ഫോണെടുത്ത് ഒന്നു കൂടെ വിളിച്ചു.
അപ്പുറത്തു നിന്ന്,"എന്താണാവോ.. വീണ്ടും"
"അത്...ചുമ്മാ ഒന്നു വിളിച്ചതാ"
"അതെന്താ ഒരു ചുമ്മാ..! ഓൺ ദ വേ വേറെ സിനിമയുടെ ആൾക്കാര് തട്ടിക്കൊണ്ടുപോവാൻ ഞാൻ ജഗതി ശ്രീകുമാറല്ലല്ലോ !"
ഇപ്പുറത്ത് ചിരി.
അപ്പുറത്ത് ബാലൻസ് ചിരി.
വീണ്ടും അപ്പുറത്തുനിന്ന്,
"എന്നിട്ട് ...? ചിരി നിർത്തി പ്രേംലാൽ കാര്യം പറയൂ! എന്താ വിളിച്ചെ..?"
"അത് പിന്നെ... നാട്ടീന്ന് ഒരു കോൾ..!"
സ്വിച്ചിട്ട പോലെ അപ്പുറത്തുനിന്നു കേട്ട വാവിട്ട പൊട്ടിച്ചിരിയിൽ എൻ്റെ വണ്ടിയും കുലുങ്ങി.
"എന്താ... ഞാൻ വീണ്ടും തട്ടിപ്പോയോ?!"
ഇപ്രാവശ്യം ചിരിച്ചുമറിഞ്ഞത് ഞാൻ! കൂടെച്ചിരിച്ചുകൊണ്ട് ശ്രീനിയേട്ടൻ,
"ഞാനറിയാതെ ഞാൻ തട്ടിപ്പോവുന്നത് എൻ്റെയൊരു ഹോബിയാണ് മിസ്റ്റർ!"
അത്രേയുള്ളൂ... ആദരാഞ്ജലി കരക്കമ്പിക്കാരുടെ നേരെ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതും ശ്രീനിയേട്ടൻ്റെ ഇപ്പോഴത്തെയും ഹോബിയാണ്.