സ്തനാർബുദ മരുന്നിന്റെ വില കുറയ്ക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു
തൃശ്ശൂർ: സ്തനാർബുദ പ്രതിരോധമരുന്നിന്റെ വില കുറയ്ക്കുന്നതിൽ കേന്ദ്രസർക്കാർ ഒളിച്ചുകളി തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഒരു മൾട്ടിനാഷണൽ കമ്പനി കുത്തകയാക്കിയ റൈബോസൈക്ലിബ് എന്ന മരുന്നിന്‍റെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. കഴുത്തിലെയും വൃക്കയിലെയും അർബുദത്തിനെതിരായ മരുന്നുകളുടെ വില സർക്കാർ ഇടപെടലിലൂടെ ഗണ്യമായി കുറഞ്ഞിരുന്നു. റൈബോസൈക്ലിബ് ഉപയോഗിക്കാൻ ശുപാർശ ചെയ്യപ്പെട്ടയാളായിരുന്നു കോടതിയെ സമീപിച്ചത്. വിചാരണയ്ക്കിടെ അവർ മരിച്ചു. ഇതോടെയാണ് കേസ് കോടതി സ്വമേധയാ എടുത്തത്. വിഷയത്തിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച ആദ്യ മറുപടി സത്യവാങ്മൂലം തൃപ്തികരമല്ലാത്തതിനാൽ പുതിയത് സമർപ്പിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴിഞ്ഞ രണ്ടിന് സമർപ്പിച്ച സത്യവാങ്മൂലത്തെ കുറിച്ചാണ് ആരോപണം. വിഷയത്തിൽ സർക്കാരിന് വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചത് വേണ്ടത്ര വൈദഗ്ധ്യമില്ലാത്ത വ്യക്തിയാണെന്നാണ് വിമർശനം.