ബിരുദധാരികൾക്ക് തൊഴിലില്ലായ്മ വേതനം; പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കർണാടകയിൽ വലിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. ബിരുദം വരെ പഠിച്ച എല്ലാവർക്കും തൊഴിലില്ലാ വേതനം ഉറപ്പാക്കാനും അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രണ്ട് മാസത്തിനിടെ കോൺഗ്രസ് നൽകുന്ന നാലാമത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണിത്. ബെളഗാവിയിൽ യുവ ക്രാന്തി സമാവേശ റാലിക്ക് നേതൃത്വം നൽകിയാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. ഭാരത് ജോഡോ യാത്രയുടെ കർണാടക പര്യടനത്തിനിടെ സംസ്ഥാനത്തെ തൊഴിലില്ലായ്മയെക്കുറിച്ച് നേരിട്ട് മനസിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് യുവ നിധി പദ്ധതിയെന്ന് രാഹുൽ പറഞ്ഞു. ബിരുദധാരികൾക്ക് പ്രതിമാസം 3,000 രൂപയും ഡിപ്ലോമക്കാർക്ക് പ്രതിമാസം 1,500 രൂപയും രണ്ട് വർഷത്തേക്ക് നൽകുന്നതാണ് യുവനിധി. അധികാരത്തിലെത്തിയാൽ അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സർക്കാർ മേഖലയിലെ രണ്ടരലക്ഷം ഒഴിവുകൾ നികത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.



Related Posts