യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് പ്രാബല്യത്തിൽ

ദുബായ്: യുഎഇയിൽ ജോലി നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു. ജോലി നഷ്ടപ്പെട്ടാൽ മൂന്ന് മാസം വരെ പ്രതിമാസ ശമ്പളത്തിന്‍റെ 60 ശതമാനം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജോലി നഷ്ടപ്പെടുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെയുള്ള സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. യുഎഇ സെൻട്രൽ ബാങ്ക് ലൈസൻസുള്ള ഇൻഷുറൻസ് കമ്പനികൾ വഴി ഇൻഷുറൻസ് എടുക്കാം. ഒരു കമ്പനിയിൽ 12 മാസം തുടർച്ചയായി ജോലി ചെയ്തവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇൻഷുറൻസ് എടുത്ത തീയതി മുതലാണ് ഈ കാലയളവ് നിർണ്ണയിക്കുന്നത്. കൈപ്പറ്റിയിരുന്ന ശമ്പളത്തിന്‍റെ 60 ശതമാനമാണ് മൂന്ന് മാസത്തേക്ക് നൽകുക.  പ്രതിമാസം ലഭിക്കുന്ന പരമാവധി തുക 20,000 ദിർഹമാണ്. എല്ലാ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കും. എന്നിരുന്നാലും, അച്ചടക്ക നടപടിയുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ തുക ലഭിക്കില്ല. സംരംഭകർ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക കരാർ ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ എന്നിവരെയും പദ്ധതിയിൽ ഉൾപ്പെടുത്തില്ല.

Related Posts