യുദ്ധതന്ത്രത്തിൽ അപ്രതീക്ഷിത മാറ്റം; ഒന്നാം ഘട്ടം അവസാനിച്ചെന്നും ഇനി ഡോൺബാസിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റഷ്യ
ഉക്രയ്‌നിൽ ആക്രമണം ആരംഭിച്ച് ഒരു മാസത്തിന് ശേഷം യുദ്ധതന്ത്രത്തിൽ അപ്രതീക്ഷിത മാറ്റം പ്രഖ്യാപിച്ച് റഷ്യ. യുദ്ധം ഒന്നാം ഘട്ടം അവസാനിച്ചെന്നും ഇനി വിമതരുടെ ശക്തികേന്ദ്രമായ ഡോൺബാസ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റഷ്യൻ സായുധ സേനാ ഡെപ്യൂട്ടി ചീഫ് സെർജി റുഡ്‌സ്‌കോയി പറഞ്ഞു.
"ഓപ്പറേഷന്റെ ആദ്യ ഘട്ടത്തിൽ പ്രധാന ലക്ഷ്യങ്ങൾ പൊതുവെ പൂർത്തീകരിച്ചു. ഉക്രയ്നിലെ സായുധ സേനയുടെ പോരാട്ട ശേഷി ഗണ്യമായി കുറഞ്ഞു. ഇനി ഡോൺബാസ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കും,'' റുഡ്സ്കോയിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മരിയുപോൾ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നിരന്തരമായ ബോംബാക്രമണം നടക്കുകയാണ്. തലസ്ഥാന നഗരമായ കീവിലേക്കുള്ള മുന്നേറ്റവും യുദ്ധത്തിന്റെ ആദ്യ ഘട്ടമായി ക്രെംലിൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ റഷ്യൻ സൈന്യം ഏറെക്കുറെ സ്തംഭനാവസ്ഥയിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഉക്രയ്ൻ സൈന്യത്തിൻ്റെ അതിശക്തമായ പ്രതിരോധമാണ് യുദ്ധതന്ത്രത്തിൽ വന്ന മാറ്റത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.