അപ്രതീക്ഷിത ട്വിസ്റ്റ്, സാരി ധരിച്ചെത്തിയ സ്ത്രീക്ക് റസ്റ്റൊറൻ്റിൽ പ്രവേശനം നിഷേധിച്ച സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
സാരി ധരിച്ചെത്തിയ സ്ത്രീക്ക് ഡൽഹിയിലെ ഒരു റസ്റ്റൊറൻ്റിൽ പ്രവേശനം നിഷേധിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിൽ കഥയ്ക്ക് അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ്. റസ്റ്റൊറൻ്റുകാർ പുറത്തുവിട്ട സി സി ടി വി ദൃശ്യങ്ങളാണ് സംഭവത്തിൽ വഴിത്തിരിവായത്.
വിവാദ സംഭവത്തിൽ അനിത ചൗധരി എന്ന സ്ത്രീ തൻ്റെ ഭാഗം വിശദീകരിച്ചിരുന്നത് ഇങ്ങനെയാണ്- ഡൽഹിയിലെ അൻസൽ പ്ലാസയിലുള്ള അക്വില റസ്റ്റൊറൻ്റിലാണ് താൻ പോയത്. എന്നാൽ അവർ പ്രവേശനം നിഷേധിക്കുകയായിരുന്നു. സാരി ധരിച്ച് അതിനുള്ളിൽ പ്രവേശിക്കാൻ കഴിയില്ല എന്നാണ് അവർ പറഞ്ഞത്. റസ്റ്റൊറൻ്റിൽ നിന്നുള്ള 16 സെക്കൻ്റ് ദൈർഘ്യമുള്ള മൊബൈൽ ദൃശ്യങ്ങളും അവർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. സ്മാർട്ട് കാഷ്വൽ വസ്ത്രങ്ങൾ മാത്രമേ ഇവിടെ അനുവദിക്കൂ എന്നും സാരിയെ അങ്ങനെയുള്ള വസ്ത്രമായി കണക്കാക്കാൻ കഴിയില്ലെന്നും സ്ഥാപനത്തിലെ ജീവനക്കാരി പറയുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇത്രയേറെ അപമാനിക്കപ്പെട്ട സന്ദർഭം തൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും അങ്ങേയറ്റം വേദനിക്കുന്നതായും പോസ്റ്റിലുണ്ട്. സോഷ്യൽ മീഡിയാ പ്രൊഫൈൽ പ്രകാരം ദൂരദർശൻ നാഷണൽ ചാനലിൽ ക്രിയേറ്റീവ് ഡയറക്റ്ററാണ് അനിത ചൗധരി.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ കോലാഹലമാണ് ഉണ്ടായത്. സാരിയെ അവഹേളിച്ച റസ്റ്റൊറൻ്റുകാർ മാപ്പു പറയണമെന്നും സ്ഥാപനം പൂട്ടിക്കണമെന്നും മുറവിളികൾ ഉയർന്നു. സോഷ്യൽ മീഡിയയിൽ ഒച്ചപ്പാടും ബഹളവും തുടരുന്നതിനിടയിലാണ് സംഭവത്തിൽ ഇപ്പോൾ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. റസ്റ്റൊറൻ്റ് ഉടമകളുടെ പ്രസ്താവനയും അവർ പുറത്തുവിട്ട രണ്ട് വീഡിയോ ക്ലിപ്പുകളുമാണ് നാടകീയമായ ട്വിസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
അക്വിലയുടെ പ്രസ്താവന ഇങ്ങനെയാണ്- മുൻകൂട്ടി ബുക്ക് ചെയ്തല്ല സ്ത്രീ അവിടെ എത്തിയത്. അതിനാൽ അവരോട് പുറത്ത് വെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ കുപിതയായ സ്ത്രീ ജീവനക്കാരുടെ നേരെ കയർക്കുകയും അവരോട് സഭ്യതയില്ലാതെ സംസാരിക്കുകയും ജീവനക്കാരിൽ ഒരാളെ മർദിക്കുകയും ചെയ്തു. ഈ കാര്യങ്ങളെല്ലാം സി സി ടി വി ഫൂട്ടേജിൽ വ്യക്തമാണ്. സ്ത്രീയെ തന്ത്രപൂർവം അവിടെനിന്നും ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് സാരി അനുവദനീയമല്ലെന്ന് ജീവനക്കാരി പറഞ്ഞത്. അങ്ങനെ പറയാൻ പാടില്ലായിരുന്നു. അത് തെറ്റാണ്. അതിൽ മാപ്പു പറയാൻ തങ്ങൾ തയ്യാറാണ്. ജീവനക്കാരി ഇതിനോടകം തന്നെ മാപ്പു പറഞ്ഞു കഴിഞ്ഞു. സാരി ഉൾപ്പെടെയുള്ള എത്നിക് വസ്ത്രങ്ങളെല്ലാം റസ്റ്റൊറൻ്റിൽ അനുവദനീയമാണ്. പരമ്പരാഗതവും മോഡേണുമായ വസ്ത്രങ്ങൾ ധരിച്ച് കസ്റ്റമേഴ്സ് വരാറുണ്ട്. ജീവനക്കാരോട് അനിത ചൗധരി അപമര്യാദയായി പെരുമാറുന്നതിൻ്റെയും സാരി ഉൾപ്പെടെയുള്ള വസ്ത്രങ്ങളണിഞ്ഞ് കസ്റ്റമേഴ്സ് റസ്റ്റൊറൻ്റിൽ ഇരിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ അടക്കം രണ്ട് സി സി ടി വി ഫൂട്ടേജുകളാണ് ഉടമകൾ പുറത്തുവിട്ടത്.
എന്തായാലും, ഇന്ത്യൻ സ്ത്രീത്വത്തിൻ്റെ പ്രതീകമായ സാരിയെ അപമാനിച്ചു എന്നതിൻ്റെ പേരിൽ റസ്റ്റൊറൻ്റിനെതിരെ സോഷ്യൽ മീഡിയയിൽ അരങ്ങേറുന്ന സൈബർ ആക്രമണങ്ങൾ ഇനി ഏതുവിധത്തിൽ വഴി തിരിയുമെന്ന് കണ്ടറിയണം.