ഉങ്ങിൻ ചുവട് -വല്ലച്ചിറ- കടലാശ്ശേരി റോഡ് ബിഎംബിസി നിലവാരത്തിലേയ്ക്ക്
പുതുക്കാട് നിയോജക മണ്ഡലത്തിലെ ഉങ്ങിൻ ചുവട്- വല്ലച്ചിറ- കടലാശ്ശേരി പൊതുമരാമത്ത് റോഡ് ബിഎംബിസി നിലവാരത്തിലേയ്ക്ക്. റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഉങ്ങിൻ ചുവട് സെന്ററിൽ എംഎൽഎ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. സർക്കാരിന്റെ 2020- 21 വർഷത്തെ പ്രത്യേക ബജറ്റിൽ ഉൾപ്പെടുത്തി 5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
ചേർപ്പ് ബ്ലോക്കിന് കീഴിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഉങ്ങിൻ ചുവട് സെന്ററിൽ നിന്ന് തുടങ്ങി വല്ലച്ചിറ സെന്റർ ഉൾപ്പെടെ കടലാശ്ശേരി സെന്റർ വരെയുള്ള 3 കിലോമീറ്റർ ദൂരമാണ് ബിറ്റുമിനസ് മെക്കാഡം ആൻഡ് ബിറ്റുമിനസ് കോൺക്രീറ്റ് (ബിഎംബിസി) നിലവാരത്തിലേയ്ക്ക് ഉയർത്തുന്നത്. അനുബന്ധ പ്രവൃത്തികളായി നാല് കൾവർട്ടുകളും ഡ്രെയിനേജും നിർമാണത്തിൽ ഉൾപ്പെടുന്നുണ്ട്. റോഡിലെ ടാറിങ് ഇളകി കുഴികൾ രൂപപ്പെടുകയും, വർഷക്കാലത്ത് കുഴികളിൽ വെള്ളം കെട്ടി ഗതാഗതത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് റോഡ് ബിഎംബിസി ചെയ്യാൻ തീരുമാനിച്ചത്. ചടങ്ങിൽ വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ മനോജ് അധ്യക്ഷത വഹിച്ചു. റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നവീൻ എ കെ റിപ്പോർട്ട് അവതരിപ്പിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ഫ്രാൻസിസ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ ശങ്കരനാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എൻ ടി സജീവൻ, വിശ്വനാഥൻ കെ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, തൃശൂർ റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സുജ സൂസൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.