എകീകൃത സിവിൽ കോഡ് ബിൽ രാജ്യസഭയിൽ; എതിർപ്പുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: ഏകീകൃത സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. സ്വകാര്യ ബില്ലായാണ് രാജ്യസഭയിൽ ഇത് അവതരിപ്പിച്ചത്. ബി.ജെ.പി എം.പിയായ കിരോദി ലാൽ മീണയാണ് ബിൽ അവതരിപ്പിച്ചത്. ബിൽ രാജ്യത്തിന് ഗുണകരമല്ലെന്ന് സി.പി.എം പ്രതികരിച്ചു. വർഗീയ ധ്രുവീകരണത്തിനുള്ള ബില്ലാണിതെന്നും സി.പി.എം വിമർശിച്ചു. ബിൽ അവതരിപ്പിച്ച സമയത്ത് കോൺഗ്രസ് അംഗങ്ങൾ സഭയിൽ ഹാജരാവാത്തതിനെതിരെ വിമർശനവുമായി മുസ്‍ലിം ലീഗ് രംഗത്തെത്തി. ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ നിരയിൽ അധികം അംഗങ്ങൾ ഉണ്ടായിരുന്നില്ല. കോൺഗ്രസ് എംപിമാരിൽ ഭൂരിപക്ഷവും ഇല്ലാത്തതിനെ മുസ്ലീം ലീഗ് എംപി അബ്ദുൾ വഹാബ് വിമര്‍ശിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള എംപിയായ വൈക്കോ ബില്ലിനെതിരെ ശബ്ദമുയർത്തി. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് എംപി എൽ ഹനുമന്തയും അവതരണാനുമതി എതിർത്ത് രംഗത്തെത്തി. എന്നാൽ ബില്ലിനോട് എതിർപ്പുണ്ടെങ്കിൽ ബിൽ അവതരിപ്പിച്ച ശേഷം നിലപാട് പറയണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ആവശ്യപ്പെട്ടു. തുടർന്ന് ബിൽ അവതരിപ്പിക്കുന്നതിനായി വോട്ടെടുപ്പ് നടത്തുകയും അത് പാസാക്കുകയും ചെയ്തു. ഗവർണർമാരെ നിയന്ത്രിക്കാനുള്ള സ്വകാര്യ ബില്ലിന് സിപിഎമ്മിൻ്റെ വി ശിവദാസൻ എംപിയും രാജ്യസഭയിൽ അവതരണ അനുമതി തേടും എന്ന് അറിയിച്ചിട്ടുണ്ട്.