ശുചീകരണ പ്രവർത്തകർക്ക് യൂണിഫോം
കുന്നംകുളം: ശുചിത്വാരോഗ്യരംഗത്ത് മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന കുന്നംകുളം നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാർക്കും ഹരിതകർമ്മ സേനാംഗങ്ങൾക്കും സാനിറ്റേഷൻ ഗ്രൂപ്പ് അംഗങ്ങൾക്കും സമത ഗ്രീൻ, ഹരിത തുടങ്ങി നൂറ്റിഅമ്പതോളം ജീവനക്കാർക്കും നഗരസഭ യൂണിഫോം വിതരണം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സജിനി പ്രേമൻ, ടി സോമശേഖരൻ, സെക്രട്ടറി ടി കെ സുജിത്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി മനോജ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ എസ് ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.
കുന്നംകുളം നഗരസഭ നടപ്പിലാക്കുന്ന സമ്പൂർണ്ണ ഖരമാലിന്യ ശുചിത്വ പരിപാടി നല്ല വീട് നല്ല നഗരം പദ്ധതിയുടെ നഗരസഭാതല പ്രഖ്യാപനം ഡിസംബർ 30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും.