കൊല്ലം നഗരത്തിൽ തടസ്സമില്ലാതെ വൈദ്യുതി; ഭൂഗർഭ കേബിൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു
കൊല്ലം നഗരത്തിൽ തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ കെ എസ് ഇ ബി നേതൃത്വത്തിൽ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ പ്രസരണനഷ്ടം അടക്കമുള്ള പ്രതിസന്ധി പരിഹരിക്കാനാകും. കെ എസ് ഇ ബി കൊട്ടാരക്കര സർക്കിളിലെ ട്രാൻസ്‌മിഷൻ വിഭാഗത്തിനാണ് നിർമാണച്ചുമതല. കൊട്ടിയം 110 സബ് സ്റ്റേഷനിൽനിന്ന് കൊല്ലം 110 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനിലേക്കാണ് കേബിൾ സ്ഥാപിക്കുന്നത്. കൊല്ലം നഗരത്തിൽ വൈദ്യുതി തടസ്സപ്പെട്ടാൽ തിരുവനന്തപുരത്തുനിന്ന് എത്തിക്കുകയാണ് ലക്ഷ്യം.
ദേശീയപാതയ്ക്കരികിലൂടെ 10.5 കിലോ മീറ്ററിലാണ് കേബിൾ സ്ഥാപിക്കുന്നത്. നിലവിൽ കൊല്ലം മുതൽ പോളയത്തോട് വരെ ഒന്നര കിലോമീറ്റർ പൂർത്തിയായി. ഗതാഗതത്തിരക്കുള്ള പോളയത്തോട്, പള്ളിമുക്ക് എന്നിവിടങ്ങളിൽ 6.25 കിലോ മീറ്ററിൽ ടണലിലൂടെയാണ് (എച്ച്‌ഡിഡി) കേബിൾ സ്ഥാപിക്കുക. ജില്ലയിൽ ആദ്യമായാണ് ഇത്തരം സംവിധാനത്തിലൂടെ കേബിൾ സ്ഥാപിക്കുന്നത്. ഇതോടെ കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ എല്ലാ പ്രദേശങ്ങളിലും മുണ്ടയ്ക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലും തടസ്സമില്ലാതെ വൈദ്യുതി എത്തും. വോൾട്ടേജ് ക്ഷാമവും പരിഹരിക്കപ്പെടും.
ജില്ലയിലെ മൂന്നാമത്തെ ജിഐഎസ് സബ് സ്റ്റേഷനാണ് കൊല്ലത്തേത്. കുണ്ടറ 220 കെവി സബ് സ്റ്റേഷനു പുറമേ 16 എംവിഎ ശേഷിയുള്ള രണ്ട് ട്രാൻസ്‌ഫോര്‍മർ വീതമാണ് കൊട്ടിയത്തും കൊല്ലത്തും ഉള്ളത്. കെ എസ് ഇ ബി തനതു ഫണ്ടിൽനിന്ന് 22 കോടി ചെലവിട്ടാണ് കേബിളുകൾ സ്ഥാപിക്കുന്നത്.