അമ്മായിയമ്മ പോസ്റ്റിൽ സ്നേഹം ചൊരിഞ്ഞവർക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
മകൾ ഷാനല്ലെയുടെ വിവാഹ നിശ്ചയത്തിന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിനോട് പ്രതീക്ഷിച്ചതിലേറെപ്പേർ പ്രതികരിച്ചെന്നും എല്ലാവരോടും നന്ദി പറയുന്നെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അർജുൻ ബല്ലയുമായുള്ള ഷാനല്ലെയുടെ വിവാഹ നിശ്ചയ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്കൊപ്പമുള്ള മന്ത്രിയുടെ കുറിപ്പ് വൈറലായിരുന്നു.
"ഞങ്ങളുടെ ഭ്രാന്തൻ കുടുംബത്തിലേക്ക് സ്വാഗതം. കിറുക്കനായ ഒരു അമ്മായിയപ്പനെയാണ് താങ്കൾക്ക് ഇവിടെ കൈകാര്യം ചെയ്യാനുള്ളത്. അതിനേക്കാൾ ഉപരിയായി അമ്മായിയമ്മ എന്ന നിലയിൽ എന്നെയും...പുതിയ തുടക്കമാണ്. ദൈവം അനുഗ്രഹിക്കട്ടെ," എന്നായിരുന്നു ഭാവി മരുമകനുള്ള മന്ത്രിയുടെ ഉപദേശം.
രസകരമായ ഒട്ടേറെ പ്രതികരണങ്ങളാണ് ആ പോസ്റ്റിന് ലഭിച്ചത്. മുമ്പ് സീരിയൽ താരമായിരുന്ന സ്മൃതിയുടെ മരുമകൾ വേഷത്തിലുള്ള ക്യുൻകി സാസ് ഭി കഭി ബാഹു തി യിലെ കഥാപാത്രത്തെ ഓർമിപ്പിച്ചു കൊണ്ടുള്ള ധാരാളം പ്രതികരണങ്ങൾ വന്നു. പരമ്പരയിൽ സ്മൃതിയുടെ അമ്മായിയമ്മയായി വേഷമിട്ട അപാര മേത്ത ഈ വേഷവും സ്മൃതി മികച്ച രീതിയിൽ അവതരിപ്പിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് കമൻ്റ് ചെയ്തു. തുടർന്നാണ് പോസ്റ്റിന് ലഭിച്ച പ്രതീക്ഷിക്കാത്ത സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് മന്ത്രി പുതിയ പോസ്റ്റിട്ടത്.
"നിങ്ങൾ ചൊരിഞ്ഞ സ്‌നേഹം ഞങ്ങളെ വിനയാന്വിതരാക്കുന്നു. ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നാണ് എല്ലാവരോടും നന്ദി പറയുന്നത്. ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടുമുട്ടുകയോ വ്യക്തിപരമായി അറിയുകയോ ചെയ്യാത്ത എത്രയോ പേരാണ് ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നത്. സ്നേഹ സന്ദേശങ്ങൾ അയച്ചത്. എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു," പുതിയ പോസ്റ്റിൽ കേന്ദ്രമന്ത്രി കുറിച്ചു.
ഷാനല്ലെയെ കൂടാതെ സ്മൃതിക്ക് സോഹർ, സോയിഷ് എന്നീ രണ്ട് മക്കൾ കൂടിയുണ്ട്. സോഹറും സോയിഷും ഭർത്താവ് സുബിൻ ഇറാനിയിൽ സ്മൃതിക്ക് പിറന്ന മക്കളാണ്. എന്നാൽ ഷാനല്ലെ സുബിന്റെ ആദ്യ വിവാഹത്തിലെ മകളാണ്.