2024ലെ കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കാൻ അമേരിക്ക; 16 ടീമുകൾ പങ്കെടുക്കും
വാഷിങ്ടൺ: ഒരു ഇടവേളയ്ക്ക് ശേഷം കോപ്പ അമേരിക്ക അമേരിക്കൻ മണ്ണിലേക്ക് മടങ്ങിയെത്തുന്നു. 2024ലെ കോപ്പ അമേരിക്കയ്ക്ക് അമേരിക്ക ആതിഥേയത്വം വഹിക്കും. അമേരിക്ക ഉൾപ്പെടുന്ന ഫുട്ബോൾ അസോസിയേഷനായ കോൺകാഫ് ആണ് പ്രഖ്യാപനം നടത്തിയത്. ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ കോൺമിബോൾ ആണ് കോപ്പ അമേരിക്ക നടത്താറ്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള രാജ്യങ്ങളെയും ടൂർണമെന്‍റിലേക്ക് ക്ഷണിക്കാറുണ്ട്. എന്നാൽ അടുത്ത കോപ്പ അമേരിക്ക കോൺമിബോളും കോൺകാഫും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഇതിനുമുമ്പ് 2016ലാണ് കോപ്പ അമേരിക്ക അമേരിക്കയിൽ നടന്നത്. അന്ന് ചിലി കിരീടം നേടി. അടുത്ത കോപ്പ അമേരിക്കയിൽ 16 ടീമുകൾ പങ്കെടുക്കും. ലാറ്റിനമേരിക്കയിൽ നിന്നുള്ള 10 ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ശേഷിക്കുന്ന ആറ് ടീമുകൾ മധ്യ, വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും കരീബിയൻ രാജ്യങ്ങളിൽ നിന്നുമായിരിക്കും. ഈ ആറ് ടീമുകളും അടുത്ത കോൺകാഫ് നേഷൻസ് ലീഗിൽ നിന്ന് കോപ്പ അമേരിക്കയ്ക്ക് യോഗ്യത നേടും.