ഊഞ്ഞാൽ !!

‘ബഞ്ചീന്നനങ്ങരുത്. ! കൈക്കെട്ടി ചമ്രം പിണഞ്ഞിരിക്ക്. ! ‘അച്ഛാച്ഛൻ കോപംകൊണ്ട് വിറയ്ക്കുകയാണ്. .

ഇപ്പോ വീഴും അടി. ഞാൻ കണ്ണുകൾ ഇറുക്കെ അടച്ച് കൈക്കെട്ടി കുനിഞ്ഞിരുന്നു..

‘കുഞ്ഞിക്കലേ, ടീ, കലേ,'ആരോ എന്നെ കുലുക്കി വിളിക്കുന്നു.

ഞാൻ പണിപ്പെട്ട് കണ്ണു തുറന്നു. രതിമേമയാണ് . ഞാൻ ചുറ്റും നോക്കി. എവിടെപ്പോയി അച്ഛാച്ഛൻ?

ഓ ഞാൻ കണ്ട സ്വപ്നമായിരുന്നു അത്.. ഞാൻ ആശ്വാസപ്പെട്ടു.

എന്തിനാ നീ ഉറക്കത്തിൽ കരഞ്ഞൂ വിളിച്ചേ? ചീത്ത സ്വപ്നം വല്ലതും കണ്ടോ?

‘ഏയ് ഒന്നുമില്ല' ഞാൻ ചുമലനക്കി. സത്യത്തിൽ നടന്നത് പറയാൻ എനിക്ക് നാണക്കേട് തോന്നി.

കുറച്ചുനേരം അവിടെ തന്നെ കിടന്നു. . പിന്നെ പതിയെ എണീറ്റ് അടുക്കള ലക്ഷ്യമാക്കി നടന്നു.

അടുക്കളയിൽ അമ്മാമ്മ കൊണ്ടുപിടിച്ച പണിയിലാണ്. ഞാൻ അടുക്കള താണ്ടി വടക്കേ വരാന്തയിലേക്കിറങ്ങി അവിടെ കിടന്നിരുന്ന വലിയ ബെഞ്ചിൽ സ്ഥാനം പിടിച്ചു.

നേരം വെളുത്തു വരുന്നതേയുള്ളൂ. ഇരുൾ പരത്തി നിൽക്കുന്ന വൃക്ഷത്തലപ്പുകൾക്കിടയിലൂടെ വെളിച്ചം ഊർന്നിറങ്ങുന്നു.തൊട്ടപ്പുറത്തെ പറമ്പിൽ തലയുയർത്തി നിൽക്കുന്ന മാഷച്ഛാച്ഛന്റെ വീട് ചെറു മയക്കത്തിലാണ്.

ഇന്നത്തെ ഭാവി കാര്യങ്ങൾ മനസ്സിലിട്ട് ഷെഡ്യൂൾ ചെയ്യുന്നതിനിടയ്ക്കാണ് അച്ഛാച്ഛൻ അങ്ങോട്ട് കയറിവന്നത് . കൂടെ സന്തതസഹചാരിയായ സീസറും ഉണ്ട്. ശരീരം നിറയെ കറുത്ത രോമങ്ങളുള്ള , നീണ്ട വാലോട് കൂടിയ സീസർ ആളൊരു സുന്ദരനാണ്..

അച്ഛാച്ഛൻ ബെഞ്ചിലിരുന്നു. അരികിൽ , താഴെയായി സീസറും.

അമ്മമ്മ അച്ഛാച്ഛന് ഒരു വലിയ കപ്പ് നിറയെ ചായയുമായി അങ്ങോട്ട് വന്നു. അമ്മാമ്മ കൊണ്ടുവന്ന ചായയിൽ സീസറിനും അവകാശമുണ്ട്.

‘ സീസറിന്റെ കോളാമ്പിയിങ്ങെടുക്ക്' കപ്പ് കൈയ്യിലെടുത്തു കൊണ്ട് അച്ഛാച്ഛൻ എന്നോട് ആജ്ഞാപിച്ചു..

‘വലിക്കാനുള്ള ബീഡി, കുടിക്കാനുള്ള വെള്ളം, കഴിക്കാനുള്ള മരുന്നിൻടിന്ന് എന്ന് വേണ്ട, സീസറിന്റെ ചായപ്പാത്രം വരെ ഞാനാണ് അച്ഛാച്ഛന് എത്തിച്ചുകൊടുക്കുന്നത്. എന്തു ചെയ്യാൻ ! ഞാനൊരു കുട്ടിയായി പോയില്ലേ? എന്റെ നിസ്സഹായതയിൽ ഞാൻ പരിതപിച്ചു.

ഇപ്പോൾ നേരം പുലർന്നിരിക്കുന്നു. അമ്മമ്മ ചെറിയ വട്ടിയുമായി മുറ്റത്തേക്കിറങ്ങി. കൂടെ ഞാനും.

ഇടയ്ക്കിടയ്ക്ക് ,ഞങ്ങളുടെ വീട്ടിൽ വന്നെത്താറുള്ള കുറുമ്പമ്മാമ്മ എനിക്ക് ഓണത്തിന് പൂപ്പറിക്കാൻ സമ്മാനിച്ചതാണീ വട്ടി. ഇപ്പോൾ ഞങ്ങൾ ഇതിൽ കശുവണ്ടി ശേഖരിക്കുന്നു.

‘അമ്മമ്മേ, വല്യച്ഛാച്ഛന്റെ വീട്ടിലേക്ക് ഇന്നെനിക്ക് നേരത്തെ പോണം.. രവി മാമൻ ഊഞ്ഞാൽ കെട്ടിയിട്ടുണ്ട് '

. അമ്മാമ്മക്കൊപ്പം കശുവണ്ടി നിറച്ച വട്ടിയുമായി തിരികെ നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

അമ്മമ്മ അതുകേട്ട് ഒന്നും മൂളി,' ഉം'

വീട്ടിൽ തിരിച്ചെത്തിയ ഞാൻ കണ്ടത് രതിമേമയുടെ മടിയിൽ ചാരിയിരിക്കുന്ന കുഞ്ചുവിനെയാണ്. എനിക്ക് കുശുമ്പ് സഹിക്കാനായില്ല. ആരും കാണാതെ അവനൊരു നുള്ള് വച്ചു കൊടുത്തു. അവൻ ചിണുങ്ങി കരയാൻ തുടങ്ങി. മേമ എന്നെ കണ്ണുരുട്ടി നോക്കി.

നാളികേരപ്പാലൊഴിച്ച നൂലപ്പം വായിലോട്ട് തിരുകിക്കയറ്റുന്നതിനിടയിൽ അജിമാമൻ അങ്ങോട്ട് കടന്നു വന്നത് ഞാൻ കണ്ടില്ല.

‘ഇന്നെന്താ നേരത്തെ’? എന്നോടാണ്….

ഞാനൊന്നും പറഞ്ഞില്ല. എന്റെ പഠന കാര്യങ്ങൾ നോക്കുന്നത് അജി മാമൻ ആണ്.

ഒന്നു പറഞ്ഞ് രണ്ടാം വാക്കിൽ മാമൻ പഠിക്കാൻ പറയും.

ചായകുടി കഴിഞ്ഞ് മാമന്റെ കണ്ണുവെട്ടിച്ച് ഞാൻ വല്യച്ഛാച്ഛന്റെ വീട് ലക്ഷ്യമാക്കി വെച്ചു പിടിപ്പിച്ചു.

ഞാൻ ഓടിക്കിതച്ചെത്തിയപ്പോഴേക്കും ഊഞ്ഞാലിന് ചുറ്റും എല്ലാവരും ഹാജരായിട്ടുണ്ട് .

സുരമാമനാണ് എല്ലാവരെയും ഊഞ്ഞാലാട്ടുന്നത് മാമൻ അതിൽ എക്സ്പേർട്ട് ആണ്. മാമൻ ഊഞ്ഞാൽ പിറകിലേക്ക് ആഞ്ഞുവലിച്ച് നീട്ടിപ്പിടിച്ച് ഒരുവിടലു വിടും .

മാവില മുട്ടേ പറന്നുയരുന്ന ആ ഊഞ്ഞാൽ സഞ്ചാരം വിവിധഘട്ടങ്ങളിൽ വ്യത്യസ്ത അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്..

അങ്ങനെ ഊഴവും കാത്തു നിൽക്കുന്നതിനിടയിലാണ് മുറ്റത്ത് ഒരു വശത്ത് കൂട്ടിയിട്ടിരുന്ന നാളികേരം എന്റെ ശ്രദ്ധയിൽപെട്ടത്.

ചുമ്മാ ഒരു രസത്തിന് അതിനു മുകളിലേക്ക് ഏന്തിവലിഞ്ഞ് കയറുവാൻ ഞാൻ ശ്രമിച്ചു.

ഇതുകണ്ട് വല്യമ്മാമ്മ വിളിച്ചുപറഞ്ഞു.

‘കലേ, നിന്റെ കുറുമ്പ് നാളികേരത്തിന് അറിയില്ലാട്ടോ'

പറഞ്ഞു തീർന്നില്ല. കാലുതെന്നി, മുഖമടച്ച് ദേ കിടക്കുന്നു നിലത്ത് !ഞാൻ.!

എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് എനിക്ക് മനസ്സിലായില്ല. ആകെ കൂടി ഒരു മൂടൽ, മരവിപ്പ്. ചുറ്റും വട്ടം കറങ്ങുന്നു.

ഓടിവന്ന സുരമാമൻ എന്നെയെടുത്ത് ഒന്നു കുടഞ്ഞു. അത് വേണ്ടീരുന്നില്ലെന്ന് തോന്നിപ്പോയി.വീഴ്ച തന്നെ ആയിരുന്നു അതിലും ഭേദം.

എന്റെ വീഴ്ചയോടെ എല്ലാവരും ഊഞ്ഞാലാട്ടം മതിയാക്കി. വീടിനുള്ളിലേക്ക് ചേക്കേറി.

അവർക്കിടയിൽ വലിയ ആ തളത്തിൽ മന്ദിപ്പോടെയിരുന്ന ഞാൻ പതിയെ പതിയെ നോർമലായി. പല കളികൾ ഞങ്ങൾ വീടിനുള്ളിൽ മാറി മാറി കളിച്ചു. അപ്പോഴേക്കും ഉച്ചയായി.

വല്യമ്മാമ്മ വന്ന് ഞങ്ങൾ കുട്ടികളോട് ഭക്ഷണം കഴിക്കാൻ കയ്യും മുഖവും കഴുകി വരുവാൻ ആവശ്യപ്പെട്ടു.

അതിനായി പുറത്തെ ബാത്റൂമിലേക്ക് കയറിയ എനിക്ക് വീണ്ടും കിട്ടി പണി.

ബാത്റൂമിൽ ഞാൻ സ്റ്റക്കായി. വാതിൽ തുറക്കാൻ ആവുന്നില്ല. ഞാൻ വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി. കരച്ചിൽ കേട്ട് വന്ന രവി മാമൻ എന്നോട് ബാത്റൂമിലെ സ്ലാബിൽ ബക്കറ്റ് കമഴ്ത്തിയിട്ട് അതിൽ കയറി നിൽക്കാൻ പറഞ്ഞു. മാമൻ വെന്റിലേഷനിലൂടെ എന്നെ വലിച്ചു പുറത്തെടുത്തു. പുറത്തുവന്ന ഞാൻ ആകെ ഭയന്നു പോയി.

വെയിലാറി. ഞങ്ങൾ പതിയെ മുറ്റത്തേക്കിറങ്ങി. ഇനി ഒളിച്ചുകളിയാണ്. കളീത്തിമിർപ്പിൽ സന്ധ്യയായതറിഞ്ഞില്ല. കൂട്ടുകാരോട് യാത്രചൊല്ലി നേരെ വീട്ടിലേക്ക് .

പോകുന്ന വഴി ഊഞ്ഞാലിൽ ഒന്ന് കേറി കളയാം എന്നു കരുതി മാവിനെ സമീപിച്ചപ്പോഴാണ് എന്റെ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടിയത് .

അതാ, അവിടെ, ഊഞ്ഞാലിൽ ചന്ദ്രമാമന്റെ ഇളയമകൾ കുഞ്ഞു സ്വീറ്റി ഇരിക്കുന്നു .

എന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മറ്റൊരാളെ ഊഞ്ഞാലിലിരുത്തി സുരമാമനെ പോലെ ഒന്നാഞ്ഞുവലിച്ചാട്ടണമെന്ന്.

ഞാൻ ചുറ്റും നോക്കിയാരുമില്ലെന്ന് ഉറപ്പുവരുത്തി. പിന്നെ ഊഞ്ഞാൽ പിറകിലേക്ക് ആഞ്ഞു വലിച്ചു വിട്ടതും കുഞ്ഞ്സ്വീറ്റി നിലത്ത് വീണ് കരഞ്ഞതും ഒപ്പമായിരുന്നു.

‘ട്യെ' എന്ന അലർച്ചയാണ് പിന്നെ ഞാൻ കേട്ടത്. ഞെട്ടിപ്പോയി ഞാൻ! മുൻപിൽ അജി മാമൻ! കയ്യിൽ ഒരു ചൂരലുമുണ്ട്. ഭയവും സംഭ്രമവും എന്നെ ഒരുപോലെ കീഴ്പ്പെടുത്തിക്കളഞ്ഞു. ഞാൻ കണ്ണുകൾ ഇറുക്കെ അടച്ച് ശിക്ഷ ഏറ്റുവാങ്ങുവാൻ തയ്യാറെടുത്തു…

കല .

Related Posts