ഉണ്ണി മുകുന്ദൻ നായകനാവുന്ന ഷെഫീക്കിൻ്റെ സന്തോഷം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഉണ്ണി മുകുന്ദൻ നായകനാവുന്ന ഷെഫീക്കിൻ്റെ സന്തോഷം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗുലുമാൽ ഫെയിം അനൂപ് പന്തളമാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നാട്ടിൻ പുറത്തെ ഒരു ചായക്കടയും നാടൻ പലഹാരങ്ങളും പഴക്കുലയുമെല്ലാം ചിത്രീകരിച്ച പോസ്റ്ററിലെ വാചകങ്ങൾ കൗതുകകരമാണ്. ഈ ചില്ലുകൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ പലഹാരങ്ങളാണോ എന്ന ചോദ്യമാണ് പോസ്റ്ററിൽ ഉള്ളത്.
മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രം കൂടിയാണ് ഷെഫീക്കിൻ്റെ സന്തോഷം. ഷാൻ റഹ്മാൻ സംഗീതം നൽകിയ മനോഹരമായ ഗാനങ്ങൾ ചിത്രത്തിൻ്റെ പ്രത്യേകതയാണ്.
ഉണ്ണി മുകുന്ദൻ ഫിലിംസിനൊപ്പം ബാദുഷ കൂടി ചിത്രത്തിൻ്റെ നിർമാണത്തിൽ പങ്കാളിത്തം വഹിക്കുന്നു. എൽദോ ഐസക് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്ങ് നൗഫൽ അബ്ദുള്ള. മനോജ് കെ ജയൻ, ദിവ്യ പിളള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേഷ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.