ഉണ്ണിയെ തോൽപ്പിക്കാൻ ആവില്ല മക്കളേ; പുഷ് അപ്പ് ചലഞ്ചിൽ പാലക്കാട്ടെ പിള്ളേരെ മലർത്തിയടിച്ച് ഉണ്ണി മുകുന്ദൻ
പുഷ് അപ്പ് ചലഞ്ചിൽ പാലക്കാട്ടെ കോളെജ് വിദ്യാർഥികളെ തോൽപ്പിച്ച് മലയാള സിനിമയിലെ മസിൽമാൻ ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ സിനിമയുടെ പ്രൊമോഷനായി പാലക്കാട് അഹല്യ കോളെജിൽ എത്തിയപ്പോഴാണ് വിദ്യാർഥികൾക്കൊപ്പം ഉണ്ണി മുകുന്ദൻ പുഷ് അപ്പ് ചലഞ്ചിൽ പങ്കാളിയായത്.
നാല് വിദ്യാർഥികളാണ് നടനൊപ്പം ചലഞ്ചിൽ പങ്കെടുത്തത്. മൂന്ന് പേർ പിൻവാങ്ങിയപ്പോഴും നാലാമൻ നടനൊപ്പം അവസാന നിമിഷം വരെ പിടിച്ചു നിൽക്കുന്നുണ്ട്. നെക്ക് ആൻ്റ് നെക്ക് നിലയിൽനിന്ന് നാലാമനും പിൻവാങ്ങുന്നതോടെ നടൻ വിജയിക്കുന്നു.
രസകരമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. യഥാർഥ പുഷ് അപ്പ്സ് അല്ല നടനടക്കം ചെയ്യുന്നതെന്ന് ചിലർ വിമർശിക്കുമ്പോൾ പിള്ളേരെ പറ്റിച്ചാണ് ഉണ്ണി കപ്പടിച്ചതെന്ന് കുറ്റപ്പെടുത്തുന്നവരും ഉണ്ട്. മത്സരത്തിൽനിന്ന് ആദ്യം തന്നെ പിൻവാങ്ങുന്ന വിദ്യാർഥി മാത്രമാണ് യഥാർഥ പുഷ് അപ്പ്സ് എടുത്തതെന്ന് ചിലർ പറയുന്നു. 18-20 വയസ്സുള്ള പിള്ളേരോടാണ് 34 വയസ്സുള്ള താൻ ഏറ്റുമുട്ടിയതെന്ന് ഉണ്ണി വിശദീകരിക്കുന്നു. ക്ലീൻ പുഷ് അപ്പ്സ് അല്ല ചെയ്തതെന്നും ഒരു രസത്തിന് വേണ്ടി സംഘടിപ്പിച്ച മത്സരമാണെന്നും നടൻ മറുപടി പറയുന്നുണ്ട്.