ബെംഗളൂരു ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി ഉണ്ണി മുകുന്ദൻ്റെ മേപ്പടിയാൻ
ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി മലയാള ചിത്രം മേപ്പടിയാൻ. ഇന്ത്യൻ സിനിമ വിഭാഗത്തിലാണ് ചിത്രം അംഗീകാരം കരസ്ഥമാക്കിയത്. കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടിൽ നിന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ അവാർഡ് ഏറ്റുവാങ്ങി.
നൂറിലധികം സിനിമകളുമായി മത്സരിച്ചാണ് മേപ്പടിയാൻ അംഗീകാരം നേടിയതെന്ന് ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. എല്ലാവർക്കും ഇത് അഭിമാനത്തിൻ്റെ നിമിഷമാണെന്നും സിനിമയ്ക്കു വേണ്ടി പ്രവർത്തിച്ചവർക്കും സിനിമ കണ്ട് പ്രോത്സാഹിപ്പിച്ചവർക്കും നന്ദി പറയുന്നതായും സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ നടൻ അറിയിച്ചു.