പാക് ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യു എൻ എസ് സി

ന്യൂയോർക്ക്: ലഷ്കർ-ഇ-തൊയ്ബ നേതാവും പാകിസ്ഥാൻ തീവ്രവാദിയുമായ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ സുരക്ഷാ കൗൺസിൽ (യു.എൻ.എസ്.സി). ചൈനയുടെ എതിർപ്പ് അവഗണിച്ചാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം. ലഷ്കർ-ഇ-തൊയ്ബ നേതാവിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നേരത്തെ സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന ഇതിനെ ശക്തമായി എതിർത്തു. ഇതിനു പിന്നാലെ ചൈനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ രംഗത്തെത്തി. ഇപ്പോൾ യു.എൻ.എസ്.സി ചൈനയുടെ എതിർപ്പിനെ മറികടന്നാണ് മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചത്. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ലഷ്കർ ഇ തൊയ്ബ നേതാവുമായ ഹാഫിസ് സയീദിന്‍റെ ഭാര്യാസഹോദരനാണ് അബ്ദുൾ റഹ്മാൻ മക്കി. രാജ്യത്തെ ആഭ്യന്തര നിയമപ്രകാരം ഇന്ത്യയും യുഎസും നേരത്തെ മക്കിയെ ഭീകരവാദ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കെതിരെ, പ്രത്യേകിച്ച് ജമ്മു കശ്മീരിനെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും, ആക്രമണങ്ങൾക്ക് യുവാക്കളെ പ്രേരിപ്പിക്കുന്നതിലും റിക്രൂട്ട് ചെയ്യുന്നതിലും ലഷ്കർ-ഇ-തൊയ്ബയുടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നതിലും ഇയാൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Related Posts