അശാസ്ത്രീയ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം; ആവർത്തിച്ച് ഗാഡ്ഗില്‍

തിരുവനന്തപുരം: അശാസ്ത്രീയമായ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ . മനുഷ്യജീവന് വില കൽപ്പിക്കാത്ത നിയമം ഭരണഘടനാ വിരുദ്ധമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സേവ് വെസ്റ്റേണ്‍ ഘട്ട് പീപ്പിൾസ് ഫൗണ്ടേഷൻ കോഴിക്കോട് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മനുഷ്യ ജീവനെടുക്കുന്ന വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനയുടെ ലംഘനമാണ്. 50 വർഷത്തിനിടയിൽ, വനത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ മൃഗങ്ങൾ വർദ്ധിച്ചു. നിയന്ത്രിത വേട്ടയാടലാണ് ഏക പോംവഴി. വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്ന വനംവകുപ്പ് കാലാകാലങ്ങളിൽ തെറ്റായ കണക്കുകൾ പുറത്തുവിടുകയാണ്. മലയോര മേഖലയിലെ പ്രശ്നങ്ങൾക്ക് തന്നെ പഴിചാരുന്ന വനംമന്ത്രി എ കെ ശശീന്ദ്രൻ അധികാരത്തിന്‍റെ സംവിധാനങ്ങളും സ്വാധീനവും ഉപയോഗിച്ച് കാര്യങ്ങൾ ശരിയായി പഠിക്കണം', അദ്ദേഹം പറഞ്ഞു. ഗാഡ്ഗിൽ റിപ്പോർട്ട് മലയോര മേഖലയിൽ പ്രശ്നങ്ങൾക്ക് കാരണമായെന്ന എ കെ ശശീന്ദ്രന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൃഗസംരക്ഷണത്തിനായി ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്ന വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് പോലുള്ള സംഘടനകളുടെ തലപ്പത്തുള്ളവർ മൃഗങ്ങളെ വേട്ടയാടുന്നതിന് പേരുകേട്ടവരാണെന്നും ഗാഡ്ഗിൽ ആരോപിച്ചു. മാധവ് ഗാഡ്ഗിലിന്‍റെ നിലപാട് സ്വാഗതാർഹമാണെന്ന് വെബിനാറിൽ അധ്യക്ഷത വഹിച്ച താമരശ്ശേരി രൂപതാ പ്രസിഡന്‍റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

Related Posts