"സ്ത്രീ സുരക്ഷ ചർച്ച ചെയ്യാതിരിക്കാൻ ഇത് കൗരവ സഭയോ": വി.ഡി സതീശൻ
തിരുവനന്തപുരം: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നിയമസഭയിൽ ബഹളം വച്ച് പ്രതിപക്ഷം. ഉമ തോമസ് എം.എൽ.എ നൽകിയ നോട്ടീസ് സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ നിലപാടെടുത്തതോടെയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ഇത് അടുത്തിടെ നടന്ന സംഭവമല്ലെന്നായിരുന്നു ഭരണപക്ഷത്തിന്‍റെ നിലപാട്. പട്ടാപ്പകൽ പതിനാറുകാരിയെ ആക്രമിച്ചതും സ്ത്രീസുരക്ഷയും ഉൾപ്പെടുത്തിയാണ് ഉമ തോമസ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കർ നിലപാടെടുത്തതോടെയാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ തിരിഞ്ഞത്. സ്ത്രീ സുരക്ഷ ചർച്ച ചെയ്യാതിരിക്കാൻ കൗരവ സഭയാണോ ഇതെന്നും വി ഡി സതീശൻ ചോദിച്ചു. ഇത്തരമൊരു പരാമർശം പ്രതിപക്ഷത്തിന് യോജിച്ചതല്ലെന്ന് സ്പീക്കർ തിരിച്ചടിച്ചു. ഇതേതുടർന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.