40 കോടിയുടെ വേഷം, അറബ് ഫാഷൻ വീക്കിൽ സ്വർണ ലുക്കിൽ ക്ലിയോപാട്രയായി ഉർവശി
തന്റെ വ്യത്യസ്തമായ വേഷവിധാനത്തിലൂടെ ഫാഷൻ ലോകത്തെ ഞെട്ടിപ്പിക്കാരുള്ള ബോളിവുഡ് സുന്ദരിയാണ് ഉർവശി റൗട്ടേല. താരത്തിന്റെ മോഡലിങ് ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ അറബ് ഫാഷൻ വീക്കിൽ ആഡംബര വേഷത്തിൽ തിളങ്ങിയിരിക്കുകയാണ് താരം.
സ്വർണവും വജ്രവും കൊണ്ട് ഡിസൈൻ ചെയ്ത വേഷത്തിൽ ഫാഷൻ വീക്കിന്റെ ഷോസ്റ്റോപ്പർ ആയാണ് ഉർവശി റാംപിൽ എത്തിയത്. താരം ധരിച്ച വേഷത്തിന് 40 കോടി വില വരും എന്നാണ് റിപ്പോർട്ടുകൾ. ഡീപ് വി നെക്ക് ഗൗണാണ് താരം ധരിച്ചിരുന്നത്. ഗൗണിന്റെ നെക്‌ലൈൻ പൂർണമായും സ്വർണവും വജ്രവും കൊണ്ടുള്ളതാണ്. ഈജിപ്തിന്റെ രാഞ്ജിയായിരുന്ന, ലോകത്തെ ഏറ്റവും സുന്ദരി എന്നു വിശേഷണമുള്ള ക്ലിയോപാട്രയെ ആയിരുന്നു ഉർവശിയുടെ തീം.
താരത്തിന്റെ ഹെഡ്ഗിയറായിരുന്നു ഏറ്റവും ആകർഷകം. യഥാർത്ഥ സ്വർണം കൊണ്ടുള്ളതായിരുന്നു ഈ ഹെഡ്ഗിയർ. ബലൂൺ സ്ലീവോടതു കൂടിയ ഗോൾഡൻ റോബും താരം ധരിച്ചിരുന്നു. ഔട്ട്ഫിറ്റിന് അനുയോജ്യമായ രീതിയിൽ ബോൾഡ് ആന്‍ഡ് ഹെവി മേക്കപ് ആണ് ചെയ്തത്.
ബിയോൺസെയ്ക്കും ജെന്നിഫർ ലോപസിനുമെല്ലാം വസ്ത്രം ഡിസൈൻ ചെയ്യുന്ന ഫർനെ വൺ അമാടോ ആണ് ഉർവശിക്കായി വസ്ത്രം ഒരുക്കിയത്. അറബ് ഫാഷൻ വീക്കിൽ രണ്ട് തവണ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഉർവശി. രണ്ടു തവണ മിസ് ഇന്ത്യ യൂണിവേഴ്സ് നേടിയ ഉർവശി ‘സാബ് ദി ഗ്രേറ്റ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. മിസ് യൂണിവേഴ്സ് 2021 ന്റെ വിധികർത്താക്കളിൽ ഒരാളായിരുന്നു.