എയർ ഇന്ത്യ 12.15 കോടി ഡോളർ റീഫണ്ട് നൽകണമെന്ന് യുഎസ് ഗതാഗത വകുപ്പ്
വാഷിങ്ടണ്‍: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 12.15 കോടി ഡോളർ (989.38 കോടി രൂപ) റീഫണ്ട് ആയി നൽകാൻ യുഎസ് ഗതാഗത വകുപ്പ് ഉത്തരവിട്ടു. ടിക്കറ്റ് കാന്‍സല്‍ ചെയ്തതിന് റീഫണ്ട് തുക കുടിശ്ശികയും കാലാവധിക്കുള്ളില്‍ മടക്കിനല്‍കാത്തതിന് പിഴയും ചേർത്താണ് ഇത്രയും തുക എയര്‍ ഇന്ത്യ നല്‍കേണ്ടത്. കോവിഡ് മഹാമാരിയുടെ സമയത്ത് വിമാന യാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നൽകിയില്ലെന്ന യാത്രക്കാരുടെ പരാതിയെ തുടർന്നാണ് യുഎസ് അധികൃതർ ഇടപെട്ടത്. റീഫണ്ട് നൽകാൻ വൈകിയതിന് 14 ലക്ഷം ഡോളർ (11.40 കോടി രൂപ) പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. എയർ ഇന്ത്യ ഉൾപ്പെടെ ആറ് വിമാനക്കമ്പനികൾക്കെതിരെയാണ് നടപടി. ഗതാഗത വകുപ്പിന്‍റെ ഉത്തരവ് പ്രകാരം, ഈ കമ്പനികളെല്ലാം ചേർന്ന് മൊത്തം 60 കോടി ഡോളർ റീഫണ്ടായി നൽകണം. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് മുമ്പുള്ള കേസുകളിലാണ് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പണം തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന് ലഭിച്ച 1,900 കേസുകളിൽ പകുതിയിലേറെ പരാതിക്കാർക്ക് പണം തിരികെ നൽകാൻ എയര്‍ ഇന്ത്യ 100 ദിവസത്തിലേറെ സമയമെടുത്തു.