റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക
റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധ നടപടികളുടെ ആദ്യഘട്ടം പ്രഖ്യാപിച്ച് അമേരിക്ക. ഉക്രയ്നിലെ വിമത മേഖലകളിൽ റഷ്യൻ സൈന്യം കടന്നുകയറിയതിന് തൊട്ടുപിന്നാലെയാണ് റഷ്യയ്ക്കെതിരെ ഉപരോധം കൊണ്ടുവരുന്നതായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചത്.
റഷ്യ ഉക്രയ്നിൽ അധിനിവേശം തുടങ്ങിയതായി അമേരിക്ക അവകാശപ്പെട്ടു. ആക്രമണം തുടർന്നാൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ധനസഹായം പൂർണമായി മരവിപ്പിക്കുന്ന വിധത്തിലുള്ള നടപടിക്രമങ്ങളാണ് നിലവിൽ കൊണ്ടുവന്നിരിക്കുന്നത്. അമേരിക്കയും യൂറോപ്പും ഉൾപ്പെടെയുള്ള വിപണിയിൽ നിന്ന് കടമെടുക്കാൻ ഇനിമുതൽ റഷ്യയ്ക്കാവില്ല.
റഷ്യയുടെ കേന്ദ്ര ബാങ്കായ വി ഇ ബി യെ ലാക്കാക്കിയുള്ള ഉപരോധം രാജ്യത്തെ പ്രമാണിവർഗത്തെ കൂടി ലക്ഷ്യം വെയ്ക്കുന്നതാണ്. ക്രെംലിൻ്റെ തെറ്റായ നയങ്ങളുടെ നേട്ടത്തിൽ പങ്കാളികളാകുന്നവർക്ക് അതിൻ്റെ വേദന കൂടി പങ്കുവെയ്ക്കാനുള്ള ബാധ്യതയുണ്ടെന്ന് ബൈഡൻ പറഞ്ഞു. യൂറോപ്യൻ യൂണിയനും റഷ്യയ്‌ക്കെതിരെ സമാനമായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.