യുഎസ് ഇന്ത്യൻ കോൺസുലേറ്റ് ഖലിസ്ഥാൻ അനുകൂലികൾ അടിച്ചു തകർത്തു

സാൻഫ്രാൻസിസ്കോ: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ അനുകൂല പ്രവർത്തകരുടെ ആക്രമണം. ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ ഇന്ത്യൻ പതാക നീക്കിയതിന് പിന്നാലെയാണ് സാൻഫ്രാൻസിസ്കോയിൽ ഖലിസ്ഥാൻ അനുകൂല പ്രവർത്തകർ ആക്രമണം നടത്തിയത്. കോൺസുലേറ്റിലെത്തിയ ഒരു സംഘം ആളുകൾ ഗ്ലാസ് ഡോറുകളും വാതിലുകളും തകർത്തു. 'ഫ്രീ അമൃത്പാൽ' എന്ന് എഴുതുകയും കെട്ടിടത്തിനു മുകളിൽ ഖലിസ്ഥാൻ പതാക ഉയർത്തുകയും ചെയ്തു. ആക്രമണ സമയത്ത് പശ്ചാത്തലത്തിൽ പഞ്ചാബി സംഗീതവും മുഴങ്ങിയിരുന്നു. ആക്രമണത്തിന്‍റെ വിവിധ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനായി തിരച്ചിൽ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ അനുകൂല പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ അക്രമം നടത്തുന്നത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫിസിനു മുന്നിൽ ഖലിസ്ഥാൻ അനുകൂല പ്രവർത്തകർ ഇന്ത്യയുടെ ദേശീയ പതാക നീക്കം ചെയ്തതിൽ ഇന്ത്യ നേരത്തെ ബ്രിട്ടനോട് പ്രതിഷേധം അറിയിച്ചിരുന്നു. സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദീകരണം തേടിയ ഇന്ത്യ അലംഭാവം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലണ്ടനിൽ നടന്ന സംഭവം പ്രതിഷേധാര്‍ഹമാണെന്നും ശക്തമായി അപലപിക്കുന്നതായും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തു.

Related Posts