ഉക്രയ്ന് ആയുധങ്ങളും ഭക്ഷണവും പണവും ഉറപ്പാക്കുമെന്ന് അമേരിക്ക; അഭയാർഥികളെ ഇരുകൈകളും നീട്ടി സ്വീകരിക്കും
20-ാം ദിവസത്തിലേക്ക് കടന്ന യുദ്ധത്തിൽ ഉക്രയ്നുള്ള പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ച് അമേരിക്ക. റഷ്യൻ അധിനിവേശത്തിനെതിരെ പൊരുതുന്ന ഉക്രയ്ന് ആയുധങ്ങളും ഭക്ഷണവും പണവും ഉറപ്പാക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞു. ഉക്രയ്നിൽ നിന്നുള്ള അഭയാർഥികളെ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡണ്ട് ട്വീറ്റ് ചെയ്തു.
"റഷ്യൻ സേനയെ പ്രതിരോധിക്കാൻ ഉക്രയ്‌ന് ആയുധമുണ്ടെന്ന് ഉറപ്പാക്കും. ഉക്രേനിയൻ ജനതയുടെ ജീവൻ രക്ഷിക്കാൻ പണവും ഭക്ഷണവും നൽകി സഹായിക്കും. ഉക്രേനിയൻ അഭയാർഥികളെ ഇരുകൈകളും നീട്ടി സ്വീകരിക്കും," എന്നാണ് ബൈഡൻ്റെ ട്വീറ്റ്.
ഉക്രയ്നിൽ രാസായുധങ്ങളും ജൈവായുധങ്ങളും പ്രയോഗിക്കാൻ റഷ്യ പദ്ധതിയിടുന്നതായി ബ്രിട്ടൺ പറഞ്ഞതിന് പിന്നാലെയാണ് പ്രസിഡണ്ടിൻ്റെ ട്വീറ്റ് വന്നത്. രാസ, ജൈവ ആയുധ പ്രയോഗത്തിന് കോപ്പുകൂട്ടുന്നതിൻ്റെ ഭാഗമായി റഷ്യൻ സേനയ്ക്കെതിരെ റഷ്യ തന്നെ ആക്രമണ നാടകം ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് ബ്രിട്ടൻ്റെ ആരോപണം. ഏതാനും ദിവസം മുമ്പ് വൈറ്റ് ഹൗസും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.