പിൻമാറ്റത്തിൽ സന്തോഷം; ഇന്ത്യ ചൈന ഏറ്റുമുട്ടലില്‍ പ്രതികരിച്ച് യുഎസ്
വാഷിങ്ടണ്‍: തവാങ് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക. ഇന്ത്യയും ചൈനയും സംഘർഷത്തിൽ നിന്ന് ഉടനടി പിന്മാറിയതില്‍ സന്തോഷമുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കുന്നതായും അമേരിക്ക പറഞ്ഞു. നിയന്ത്രണ രേഖയിൽ സൈന്യത്തെ വിന്യസിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ചൈനയുടെ നടപടിയെ പെന്‍റഗൺ പ്രസ് സെക്രട്ടറി പാറ്റ് റെയ്ഡർ വിമർശിച്ചു. അമേരിക്കയുടെ പങ്കാളിത്ത രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും ഏറ്റുമുട്ടലിൽ നിന്ന് ഉടൻ പിൻമാറിയതിൽ സന്തോഷമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിൻ ജീൻ-പിയറി പറഞ്ഞു. അമേരിക്ക ഇക്കാര്യം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യയെയും ചൈനയെയും പ്രോത്സാഹിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.