കർണാടകയിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് അമേരിക്ക
കർണാടകയിലെ വിദ്യാലയങ്ങളിൽ മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ അമേരിക്ക. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ഇൻ്റർനാഷണൽ റിലീജ്യസ് ഫ്രീഡം (ഐ ആർ എഫ്) അംബാസഡർ റാഷദ് ഹുസൈൻ അഭിപ്രായപ്പെട്ടു.
"മതസ്വാതന്ത്ര്യത്തിൽ ഒരാളുടെ മതപരമായ വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള അവകാശവും ഉൾപ്പെടുന്നു. ഇന്ത്യൻ സംസ്ഥാനമായ കർണാടക മതപരമായ വസ്ത്രങ്ങളുടെ കാര്യത്തിൽ വിവേചനം കാണിക്കരുത്. സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതും സ്ത്രീകളെയും പെൺകുട്ടികളെയും അപകീർത്തിപ്പെടുത്തുന്നതും പാർശ്വവത്കരിക്കുന്നതുമാണ്," റാഷദ് ഹുസൈന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.
ഹിജാബ് നിരോധനത്തെ കുറിച്ചുള്ള അമേരിക്കയുടെ അഭിപ്രായത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഡിസംബറിലാണ് യു എസ് സെനറ്റ് ഐ ആർ എഫിന്റെ അംബാസഡറായി ഹുസൈനെ നിയമിച്ചത്. ഐ ആർ എഫിന്റെ ആദ്യത്തെ മുസ്ലിം അംബാസഡറാണ് അദ്ദേഹം. ഒബാമ ഭരണകാലത്ത് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ പ്രത്യേക ദൂതനായി സേവനമനുഷ്ഠിച്ചതുൾപ്പെടെ അമേരിക്കൻ സർക്കാരിൽ നിരവധി ഉന്നത പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.