യുഎസിൽ സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ കേസുമായി സ്കൂളുകൾ
ന്യൂയോര്‍ക്ക്: സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ കേസ് ഫയൽ ചെയ്ത് യുഎസിലെ സ്കൂളുകൾ. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്ക് അടിമകളാകുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മോശമാകുകയാണെന്നും അവർ വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും സ്കൂളുകൾ ആരോപിച്ചു. ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റ്, സ്നാപ്ചാറ്റ്, ടിക് ടോക് ഉടമകളായ ബൈറ്റ് ഡാൻസ് എന്നിവർക്കെതിരെയാണ് കേസ് നൽകിയത്. സിയാറ്റിൽ സിറ്റി സ്കൂൾ ഡിസ്ട്രിക്ടിലെ നൂറിലധികം സ്കൂളുകൾ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഏകദേശം 50,000 കുട്ടികളാണ് ഈ സ്കൂളുകളിൽ പഠിക്കുന്നത്. യുഎസിൽ ഇത്തരത്തിൽ ഫയൽ ചെയ്യുന്ന ആദ്യ കേസാണിതെന്നാണ് റിപ്പോർട്ട്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കഴിഞ്ഞ വർഷം നിരവധി കുടുംബങ്ങൾ സോഷ്യൽ മീഡിയകൾക്കെതിരെ യുഎസിൽ രംഗത്ത് വന്നിരുന്നു.