സൗദി അറേബ്യയ്ക്കുള്ള 650 മില്യൺ ഡോളറിന്റെ ആയുധ വിൽപന തടയാൻ യുഎസ് സെനറ്റർമാരുടെ നീക്കം
സൗദി അറേബ്യയ്ക്കുള്ള 650 മില്യൺ ഡോളറിൻ്റെ ആയുധ വിൽപന തടയാനുള്ള പ്രമേയം റിപ്പബ്ലിക്കൻമാരായ റാൻഡ് പോളും മൈക്ക് ലീയും ഡെമോക്രാറ്റുകളുമായി അടുത്ത ബന്ധമുള്ള ബേണി സാൻഡേഴ്സും സംയുക്തമായി അവതരിപ്പിച്ചു.
യെമനിലെ സംഘർഷത്തിൽ റിയാദിന്റെ പങ്കാളിത്തം ആരോപിച്ചാണ് നീക്കം. മധ്യപൗരസ്ത്യദേശത്തെ സുപ്രധാന പങ്കാളിയായി സൗദി അറേബ്യയെ
കണക്കാക്കുമ്പോൾ തന്നെ സെനറ്റർമാരിൽ പലരും യെമനിലെ സംഘർഷത്തിൽ റിയാദിൻ്റെ പങ്കാളിത്തത്തെ വിമർശിക്കുന്നുണ്ട്. സിവിലിയൻസിൻ്റെ നാശത്തിൽ യുഎസ് ഉപകരണങ്ങൾ ഉപയോഗിക്കില്ല എന്ന ഉറപ്പുനൽകാതെ ആയുധ വിൽപന അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് അവർ കൈക്കൊള്ളുന്നത്.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അംഗീകരിച്ച പാക്കേജിൽ 280 എ ഐ എം-120 സി-7/സി-8 അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ-ടു-എയർ മിസൈലുകൾ, 596 എൽ എ യു-128 മിസൈൽ റെയിൽ ലോഞ്ചറുകൾ എന്നിവയും കണ്ടയ്‌നറുകളും മറ്റ് ഉപകരണങ്ങളും ഉൾപ്പെടുന്നു.