ഉക്രയ്നിൽ റഷ്യ ജൈവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
അമേരിക്കൻ പിന്തുണയോടെ ഉക്രയ്ൻ റഷ്യയ്‌ക്കെതിരെ ജൈവായുധങ്ങൾ പ്രയോഗിച്ചേക്കും എന്ന ക്രെംലിന്റെ മുന്നറിയിപ്പ് റഷ്യയുടെ ഭാഗത്തുനിന്ന് അത്തരം ജൈവായുധ ആക്രമണം ഉണ്ടാവാനുള്ള സാധ്യതയെ ആണ് കാണിക്കുന്നതെന്ന് അമേരിക്ക.
യു എസും ഉക്രയ്‌നും ചേർന്ന് ഉക്രയ്‌നിൽ രാസ, ജൈവായുധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ക്രെംലിൻ മനഃപൂർവം നുണ പ്രചരിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസ് പ്രസ്താവനയിൽ പറഞ്ഞു. ഉക്രയ്നിലെ സ്വന്തം ഭീകര പ്രവർത്തനങ്ങളെ ന്യായീകരിക്കാനുള്ള ശ്രമത്തിൽ റഷ്യ തെറ്റായ ന്യായങ്ങൾ കണ്ടുപിടിക്കുകയാണ്. ചൈനീസ് ഉദ്യോഗസ്ഥരും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത്തരം അവകാശവാദങ്ങൾ കേവലം അപവാദങ്ങൾ മാത്രമാണെന്നും
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു.
ഉക്രയ്നിലെ സൈനിക-ജൈവായുധ പദ്ധതിയുടെ അടയാളങ്ങൾ അമേരിക്കൻ സഹായത്തോടെ കീവ് മായ്ച്ചുകളഞ്ഞതിന് റഷ്യൻ സൈന്യം തെളിവുകൾ കണ്ടെത്തിയതായി മാർച്ച് 6-ന് മോസ്‌കോ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.