സര്‍ക്കാര്‍ ഓഫിസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കണം; മദ്രാസ് ഹൈക്കോടതി
മധുര: സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവൃത്തി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യത്തില്‍ അനുയോജ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. പ്രവൃത്തി സമയത്ത് മൊബൈല്‍ ഉപയോഗിക്കുന്നതും വിഡിയോ ചിത്രീകരിക്കുന്നതും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി. ഓഫിസില്‍ വിഡിയോ ചിത്രീകരിച്ചതിന് സസ്‌പെന്‍ഷനിലായ ജീവനക്കാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
പ്രവൃത്തി സമയത്ത് സ്വകാര്യ ആവശ്യത്തിനായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ജീവനക്കാരെ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. എന്തെങ്കിലും അത്യാവശ്യ കോള്‍ ചെയ്യാനുണ്ടെങ്കില്‍ മേലധികാരിയില്‍നിന്ന് അനുവാദം വാങ്ങി പുറത്തുപോയി സംസാരിക്കണം. ഓഫിസില്‍ കയറുമ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോഡില്‍ ആക്കുകയോ വേണം. ഓഫിസില്‍ വരുന്നവര്‍ക്കും മറ്റു ജീവനക്കാര്‍ക്കും അതൊരു ശല്യമാവരുത്. ഓഫിസ് സമയത്ത് മൊബൈല്‍ കാമറ ഉപയോഗിച്ച് വിഡിയോ ചിത്രീകരിക്കുന്നതിന്റെ പരാതികള്‍ വരുന്നുണ്ട്. അത് ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കും എന്നതില്‍ സംശയം വേണ്ട- കോടതി പറഞ്ഞു.
ഓഫിസില്‍ പ്രവേശിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ പ്രത്യേക ക്ലോക്ക് റൂമുകളില്‍ സൂക്ഷിക്കുന്നതിനു സംവിധാനം ഏര്‍പ്പെടുത്തുന്നതാണ് നല്ലത്. ഇതിന് സര്‍ക്കാര്‍ ഉത്തരവിറക്കണം. ഓഫിസ് സമയത്ത് സ്വകാര്യ ആവശ്യത്തിനായി ഫോണില്‍ സംസാരിക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നവര്‍ പൊതുപണം പാഴാക്കുകയാണ്. വലിയ ശമ്പളമാണ് ഇവരില്‍ പലരും വാങ്ങുന്നത്- കോടതി പറഞ്ഞു.
പരാതിക്കാരിക്കെതിരായ നടപടിയില്‍ ഇടപെടില്ലെന്ന വ്യക്തമാക്കിയ കോടതി അവര്‍ക്കു മേലധികാരിയെ സമീപിക്കാവുന്നതാണെന്ന് അറിയിച്ചു.