ഉത്ര കൊലക്കേസ്, കേരളം കാത്തിരിക്കുന്ന വിധി ഇന്ന്

കൊല്ലം അഞ്ചലിൽ ഭിന്നശേഷിക്കാരിയായ സ്ത്രീയെ ഭർത്താവ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. അത്യപൂർവമായ കുറ്റകൃത്യം എന്ന നിലയിൽ ദേശീയതലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട സംഭവമാണ് ഉത്ര കൊലക്കേസ്.
2020 മെയ് 7 ന് രാവിലെയാണ് കിടപ്പുമുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തുന്നത്. തലേന്ന് രാത്രിയാണ് ഭർത്താവ് സൂരജ് ഉഗ്രവിഷമുള്ള മൂർഖനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊല്ലുന്നത്. കേസിൽ നിർണായകമായത് പിന്നീട് മാപ്പുസാക്ഷിയായ പാമ്പു പിടുത്തക്കാരൻ സുരേഷിന്റെ മൊഴിയാണ്. കൊല്ലപ്പെടുന്നതിന് രണ്ടുമാസം മുമ്പ് അണലിയെ ഉപയോഗിച്ച് സമാനമായ രീതിയിൽ ഉത്രയെ കൊലപ്പെടുത്താൻ ഭർത്താവ് സൂരജ് ശ്രമിച്ചിരുന്നു.
കൊലപാതകം, മയക്കുമരുന്ന് നൽകി അപായപ്പെടുത്താനുള്ള ശ്രമം, തെളിവു നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ സൂരജിനെതിരെ ചുമത്തിയിട്ടുണ്ട്. സ്വത്ത് കൈക്കലാക്കാനും ഭിന്നശേഷിക്കാരിയായ ഭാര്യയെ തന്ത്രപരമായി കൊലപ്പെടുത്തി ഒഴിവാക്കാനുമായി ഭർത്താവ് ശ്രമിച്ച, അപൂർവങ്ങളിൽ അപൂർവമായ കേസിൽ അഡീഷണൽ സെഷൻസ് കോടതിയുടെ വിധിക്കായി കേരളം കാതോർക്കുകയാണ്.