ഉത്തർപ്രദേശിൽ 6 മാസത്തേക്ക് സമരങ്ങൾക്ക് നിരോധനം
ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ആറ് മാസത്തേക്ക് സമരങ്ങളും പണിമുടക്കുകളും നിരോധിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ദേവേഷ് കുമാർ ചതുർവേദി ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് പ്രതിസന്ധിയാണ് നിരോധനത്തിന് കാരണമായി പറയപ്പെടുന്നത്.
എല്ലാ പൊതു സേവനങ്ങളിലും കോർപറേഷനുകളിലും പ്രാദേശിക ഭരണതലത്തിലും പണിമുടക്ക് നിരോധിക്കുന്നതായി വിജ്ഞാപനത്തിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മെയ് ആദ്യം, ഉത്തർപ്രദേശ് സർക്കാർ അവശ്യ സേവന പരിപാലന നിയമം എസ്മ പ്രയോഗിച്ച് ആറ് മാസത്തേക്ക് പണിമുടക്ക് നിരോധിച്ചിരുന്നു. കോവിഡ്-19 പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് എസ്മ പ്രയോഗിച്ചത്.