ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. 58 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഇതിൽ മഥുര, മുസാഫർനഗർ, മീററ്റ്, ഗാസിയാബാദ്, ബുലന്ദ്സാഹർ, ഹാപൂർ, ഷാംലി, ഭഗ്പത്, അലിഗാർ, ആഗ്ര, ഗൗതം ബുദ്ധനഗർ എന്നീ ജില്ലകൾ ഉൾപ്പെടും.
വോട്ടവകാശം പരമാവധി വിനിയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളോട് അഭ്യർഥിച്ചു. ആദ്യം വോട്ടവകാശം, പിന്നീട് ജലപാനം എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് എല്ലാവരും പോളിങ്ങ് ബൂത്തിൽ എത്തണമെന്നും എല്ലാവരും വോട്ടവകാശം വിനിയോഗിക്കേണ്ടത് ജനാധിപത്യത്തിൽ പ്രധാനമാണെന്നും ട്വീറ്റിൽ പറയുന്നു.
വോട്ടെടുപ്പിൽ പങ്കാളികളാകാൻ മുഴുവൻ ജനങ്ങളും തയ്യാറാകണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. വികസനത്തോടൊപ്പം ജനങ്ങൾക്ക് സുരക്ഷിതത്വവും ആദരവും സദ്ഭരണവും നൽകുന്ന സർക്കാരിനെ തിരഞ്ഞെടുക്കാൻ അദ്ദേഹം അഭ്യർഥിച്ചു. നിങ്ങളുടെ ഒരു വോട്ടാണ് ഉത്തർപ്രദേശിന്റെ ശോഭനമായ ഭാവിയുടെ അടിസ്ഥാനമെന്ന് ട്വീറ്റിൽ പറയുന്നു.