ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പുതുമുഖത്തെ തെരഞ്ഞെടുത്തേക്കുമെന്ന് സൂചന
ഡെറാഡൂണ്‍: തുടര്‍ഭരണം ലഭിച്ച ഉത്തരാഖണ്ഡില്‍ നിലവിലെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പുതുമുഖത്തെ നേതാവായി തെരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. വോട്ടെടുപ്പിന്റെ ഫലം പുറത്തു വന്നതിന് പിന്നാലെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ, കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി എന്നിവരെ ബിജെപി നേതൃത്വം ഉത്തരാഖണ്ഡിലേക്ക് അയച്ചിരുന്നു.
ഇവര്‍ ബിജെപി സംസ്ഥാന നേതാക്കള്‍, തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ തുടങ്ങിയവരുമായി സംസാരിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികളും ചര്‍ച്ചകളും സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ക്ക് ഇവര്‍ നല്‍കും.
പുതിയ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാനായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നാണ് സൂചന. യോഗത്തില്‍ കേന്ദ്രനിരീക്ഷകരായി കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാനും പിയൂഷ് ഗോയലും സംബന്ധിക്കും.
പുഷ്‌കര്‍ സിങ് ധാമി മന്ത്രിസഭയില്‍ അംഗമായിരുന്ന ഡോ. ധന്‍ സിങ് റാവത്ത്, സത്പാല്‍ മഹാരാജ്, ബന്‍സിധര്‍ ഭഗത്, ഗണേഷ് ജോഷി തുടങ്ങിയ പേരുകളാണ് പരിഗണിക്കുന്നത്. കേന്ദ്രമന്ത്രി അജയ് ഭട്ട്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മദന്‍ കൗശിക്, മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് എന്നിവരുടെ പേരുകളും ഉയർന്നിട്ടുണ്ട്. പരാജയപ്പെട്ട മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയെ തുടരാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം ആവശ്യപ്പെടുന്നു.
ധാമിയെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍, സുരക്ഷിത സീറ്റില്‍ മത്സരിച്ച് വിജയിപ്പിക്കേണ്ടി വരും. തെരഞ്ഞെടുപ്പില്‍ തോറ്റയാളെ മുഖ്യമന്ത്രിയാക്കുന്നത് തെറ്റായ സന്ദേശമാകും നല്‍കുകയെന്ന് നേതൃത്വത്തിനിടയില്‍ അഭിപ്രായമുണ്ട്. ഉത്തരാഖണ്ഡില്‍ ആകെയുള്ള 70 സീറ്റില്‍ 47 സീറ്റ് നേടിയാണ് ബിജെപി തുടര്‍ഭരണം നേടിയത്. സംസ്ഥാനത്ത് ആദ്യമായാണ് അധികാരത്തുടര്‍ച്ച ഉണ്ടാകുന്നത്.