സുധീരന്‍ എഐസിസി അംഗത്വവും രാജിവെച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ എ ഐ സി സി അംഗത്വവും രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചു.
സുധീരന്‍ ശനിയാഴ്ച കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചിരുന്നു. പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നാണ് സുധീരന്റെ പരാതി.
പുതിയ സാഹചര്യത്തില്‍ അനുനയ നീക്കം ഊര്‍ജ്ജിതമാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സുധീരനുമായി ചര്‍ച്ച നടത്തും. പതിറ്റാണ്ടുകള്‍ പാര്‍ട്ടിക്കായി ഉഴിഞ്ഞുവച്ച മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണമെന്നാണ് ഹൈക്കമാന്‍ഡിന്റെ വികാരമെന്ന് താരീഖ് അന്‍വര്‍ കെ പി സി സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.