അവധിയെടുത്ത് വിദേശത്ത് പോയി ജോലി ചെയ്യേണ്ട; ശൂന്യവേതനാവധി 5 വർഷമാക്കി കുറച്ചു
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് സർവീസ് കാലയളവിൽ എടുക്കാവുന്ന ശൂന്യവേതന അവധിയുടെ കാലാവധി 20 വർഷത്തിൽ നിന്ന് 5 വർഷമായി കുറച്ച് ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഇത് സംബന്ധിച്ച ഉത്തരവ് 2020 ൽ ഇറങ്ങിയെങ്കിലും ഇപ്പോൾ മാത്രമാണ് വിജ്ഞാപനം ഇറക്കിയത്. ചട്ടങ്ങൾ ഭേദഗതി ചെയ്തതോടെ ശൂന്യവേതന അവധിയെടുത്ത് അഞ്ച് വർഷം കഴിഞ്ഞിട്ടും സർവീസിൽ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് സാധിക്കും. സർവീസിൽ പ്രവേശിച്ച ശേഷം ശൂന്യവേതന അവധിയെടുത്ത് വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥർ ഉണ്ടെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളിൽ നിന്ന് ശൂന്യവേതന അവധിയെടുത്തവരുടെ എണ്ണം കൊവിഡ് കാലത്ത് എടുത്തിരുന്നു. കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പിൽ നിന്ന് ശൂന്യവേതന അവധിയെടുത്ത ഡോക്ടർമാരോട് സർവീസിലേക്ക് മടങ്ങാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ചുരുക്കം ചിലർ മാത്രമാണ് മടങ്ങിയെത്തിയത്. മടങ്ങിവരാത്ത ഡോക്ടർമാരെ പിരിച്ചുവിട്ടു. ഇതിന് പിന്നാലെ ശൂന്യവേതന അവധി കാലാവധി 20 വർഷത്തിൽ നിന്ന് 5 വർഷമായി കുറച്ചു.