കൊവാക്‌സിനും കൊവിഷീൽഡും എടുത്തവരിൽ മാസങ്ങൾക്കകം ആന്റിബോഡി അളവിൽ വലിയ കുറവ് കാണപ്പെടുന്നതായി പഠനം.

ന്യൂഡൽഹി: കൊവാക്‌സിൻ പ്രതിരോധ കുത്തിവയ്‌പ്പെടുത്തവരിൽ രൂപംകൊള‌ളുന്ന ആന്റിബോഡി അളവ് രണ്ട് മാസത്തിനകം തന്നെ കുറയുന്നതായി പഠനഫലങ്ങൾ. കൊവിഷീൽഡ് എടുത്തവരിൽ ഇത് മൂന്ന് മാസത്തിനകമാണ് കുറയുന്നതെന്നും പഠനങ്ങളിൽ തെളിഞ്ഞു. ആന്റിബോഡികളുടെ സ്ഥിരതയെക്കുറിച്ച് രണ്ട് വർഷത്തേക്ക് കൂടി നിരീക്ഷിച്ച് പഠനം നടത്തുമെന്നും വിദഗ്ദ്ധർ അറിയിച്ചു. കൊവിഡ് പ്രതിരോധ വാക്‌സിനെടുത്തവരിൽ ഐ സി എം‌ ആർ ഭുവനേശ്വറിലെ റീജണൽ മെഡിക്കൽ റിസർച്ച് സെന്ററും ചേർന്ന് നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തൽ.

614 പേരിൽ നിന്നെടുത്ത സാമ്പിളുകളിൽ നിന്നാണ് ഈ കണ്ടെത്തലെന്ന് ദേശീയമാധ്യമങ്ങളിൽ ഐ സി എം ആർ-ആർ എം ആർ സി ശാസ്‌ത്രജ്ഞനായ ഡോ. ദേവ്ദത്ത ഭട്ടാചാര്യ അറിയിച്ചു. ഇതിൽ 308 സാമ്പിളുകൾ കൊവിഷീൽഡ് സ്വീകരിച്ചവരുടെയും 306 എണ്ണം കൊവാക്‌സിൻ സ്വീകരിച്ചവരുമാണ്. കൊവിഡ് രോഗബാധയ്‌ക്ക് ശേഷമുള‌ള വാക്‌സിനേഷൻ ബൂസ്‌റ്റർ ഡോസായി പ്രവർത്തിച്ചു. 533ആരോഗ്യപ്രവർത്തകരിലും ആന്റിബോഡികളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി.

2021 മാർച്ചിലാണ് പഠനം ആരംഭിച്ചത്.ആന്റിബോഡി അളവ് കുറയുന്നുണ്ടെങ്കിലും അവയുടെ സാന്നിദ്ധ്യം
അപ്പോഴും വാക്‌സിൻ സ്വീകരിച്ചവരുടെ ശരീരത്തിലുണ്ട്. പഠനം നടത്തിയവരിൽ ഇക്കാര്യം നിരീക്ഷിക്കുമെന്ന് വിദഗ്ദ്ധർ സൂചന നൽകി. മനുഷ്യ ശരീരത്തിലെ സാധാരണമായ ആന്റിബോഡിയായ ഇമ്മ്യൂണോഗ്ളോബുലിൻ ജി (ഐ ജി ജി) അളവ് രണ്ട് ഡോസ് വാക്‌സിനുമെടുത്ത ആരോഗ്യപ്രവർത്തകരിൽ നിർണയിക്കാനാണ് പഠനം നടത്തിയത്. വാക്‌സിൻ ഡോസ് സ്വീകരിച്ച ശേഷം 24 ആഴ്‌ചകൾ ഇവരെ നിരീക്ഷിച്ചു.

എട്ട് ആഴ്‌ചകൾകൊണ്ടുതന്നെ ആന്റിബോഡി അളവിൽ കുറവ് കണ്ടെത്തി. ആറ് മാസത്തിന് ശേഷം വീണ്ടും ആന്റിബോഡി അളവ് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് ഐ സി എം‌ ആർ-ആർ എം ആർ സി ഡയറക്‌ടർ സംഘമിത്രാ പതി അറിയിച്ചു.

Related Posts