ഒരു വാക്സിൻ അപാരത!!
ഒരു കഥയുണ്ട്. ഒരു ലക്ഷത്തോളം പേർ തിങ്ങിപ്പാർത്തിരുന്ന മരുഭൂമിയിലെ ഒരു പട്ടണത്തെ കുറിച്ച്. അവർക്ക് നല്ല കുടിവെള്ളം ഉണ്ടായിരുന്നില്ല. കിലോമീറ്ററുകൾ താണ്ടി കുടിവെള്ളം ശേഖരിച്ച് കൊണ്ടുവരാമെന്ന് വച്ചാൽ അതിനുള്ള ശേഷി അനാരോഗ്യവാന്മാരായ ബഹുഭൂരിപക്ഷം ജനതക്കും ഉണ്ടായിരുന്നില്ല.
എന്തു ചെയ്യും..?
ഒടുവിൽ ആരോഗ്യവാന്മാരായ നൂറുപേർ കുറേ ദിവസത്തേക്കുള്ള ഭക്ഷണവും, വെള്ളവും ശേഖരിച്ച് പട്ടണത്തിന് പുറത്തേക്ക് യാത്രയായി. നടന്നുനടന്ന് അകലെയെവിടെയോ ഒരു തടാകം അവർ കണ്ടെത്തി. അവിടെനിന്ന് പട്ടണത്തിലേക്ക് ഒരു കുഴൽ ഇടാൻ അവർ തീരുമാനിക്കുകയും, പണി തുടങ്ങുകയും ചെയ്തു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ പണി പൂർത്തിയാകുന്നതിന് കുറെ മുൻപ് തന്നെ അവർ കരുതിയിരുന്ന ഭക്ഷണവും, വെള്ളവും തീരാൻ തുടങ്ങി. ഇനി കഷ്ടിച്ച് ഇരുപത് പേർക്കുള്ള ഭക്ഷണം മാത്രമേ കയ്യിലുള്ളൂ. ആ ഇരുപത് പേർ കഷ്ടപ്പെട്ട് പണിയെടുത്താലും വെള്ളം ആ പട്ടണത്തിന്റെ സമീപ പ്രദേശത്ത് പോലും എത്തില്ല. അവിടെ വരെ എത്തിച്ചിട്ട് തിരിച്ചു പോകാൻ അവരുടെ മനസ്സ് അനുവദിച്ചില്ല.
ഇനി എന്തു ചെയ്യും..?
അപ്പോഴാണ് അതിൽ ഒരാൾ ഒരു ആശയം മുന്നോട്ടു വയ്ക്കുന്നത്. ഇരുപത് പേരുടെ ഭക്ഷണം നമ്മളിൽ അൻപത് പേർ ചേർന്ന് പങ്കു വെക്കുകയും, പണി തുടങ്ങുകയും ചെയ്താൽ നമ്മുടെ പട്ടണത്തിന്റെ കുറേക്കൂടി അടുത്തേക്കെങ്കിലും നമുക്കിത് എത്തിക്കാൻ കഴിയില്ലേ..?
അതെ. ഇരുപത് പേർക്കുള്ള ക്വാട്ട അൻപത് പേരിലേക്ക് വിതരണം ചെയ്യപ്പെടുമ്പോഴുള്ള ഗുണപരമായ മാറ്റമാണ് ഈ കഥയുടെ സാരാംശം.
ഇനി നമുക്ക് വാക്സിനുകളിലേക്ക് ഈ ബിംബകല്പനകളെ പുനരാവിഷ്കരിക്കാൻ ശ്രമിക്കാം. മരുഭൂമിയിലെ ഈ പട്ടണം കേരളമോ ഇന്ത്യയോ ഒക്കെയാണ്. തടാകമാകട്ടെ തിരിച്ചുകൊണ്ടുവരാനുള്ള നമ്മുടെ എക്കോണമിയാണ്. അപര്യാപ്തമായ ഭക്ഷ്യ ശേഖരം (Minimum resources) നമ്മുടെ എക്കോണമിയെ തിരിച്ചെത്തിക്കാനുള്ള വാക്സിനുകളാണ്.
ഇനി യാഥാർഥ്യത്തിലേക്ക് കടക്കാം. ഒരു വാക്സിൻ ദൗർലഭ്യം നമ്മൾ നേരിടുന്നുണ്ട്. ആ ഒരു സാഹചര്യത്തിൽ കുറച്ചുപേർക്ക് രണ്ട് ഡോസ് വാക്സിൻ പ്രയോറിറ്റി എന്നതിന് പകരം കൂടുതൽ പേരിലേക്ക് ഒരു ഡോസ് വാക്സിൻ എത്തിക്കുന്നതായിരിക്കില്ലേ ഉചിതം. പട്ടണത്തിലേക്ക് കുടിവെള്ളമില്ലാതെ ആളുകൾ മരിച്ചു വീഴുന്നത് ഒഴിവാക്കാൻ നമുക്ക് ആ പൈപ്പ് പരമാവധി നീട്ടിയല്ലേ മതിയാവൂ.?
ഗവൺമെൻറുകളുടെ ഇപ്പോഴത്തെ പോളിസി പ്രകാരം ആദ്യ ഡോസ് സ്വീകരിച്ചവർക്കാണ് രണ്ടാമത്തേതിനുള്ള മുൻഗണന. അങ്ങിനെ വന്നാൽ വളരെയധികം ആളുകൾക്ക് ആദ്യത്തെ ഒരു ഡോസ് തന്നെ കിട്ടാൻ പ്രയാസമാകും. ഇപ്പോഴത്തെ കോവിഡ് സാഹചര്യമനുസരിച്ച് ഇത് ദൂരവ്യാപകമായ പ്രത്യാഘാതമാകും രാജ്യത്ത് സൃഷ്ടിക്കുക.
ഇനി നമുക്ക് വാക്സിൻ പ്രയോറിറ്റി എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് പരിശോധിക്കാം.
വാക്സിൻ നിർമ്മാണവും, വിതരണവും കണക്കിലെടുക്കുമ്പോൾ അത് പൂർത്തീകരിക്കാൻ രണ്ടായിരത്തി ഇരുപത്തിരണ്ടിലും സാധ്യമാകുമോ എന്നത് സംശയമാണ്. വാക്സിൻ കൂടുതലായി നിർമ്മിക്കാനുള്ള അടിസ്ഥാന സൗകര്യവും, വലിയ പോപ്പുലേഷനുമാണ് നമുക്കു മുന്നിലുള്ള വെല്ലുവിളി. ഒറ്റ ഡോസ് വാക്സിൻ തന്നെ വലിയതോതിൽ ''Immunogenic'' ആണെന്ന കാര്യം നമുക്കറിയാം. ആദ്യ ഡോസ് എടുക്കുമ്പോൾ അൻപത് ശതമാനവും, രണ്ടാമത്തെ ഡോസ് എടുക്കുമ്പോൾ എഴുപത് ശതമാനവും പ്രൊട്ടക്ഷൻ ലഭിക്കുന്നു എന്ന് നമുക്കറിയാം.
ഈ ഒരു പാൻഡമിക് വൈറസ് ലോകത്തുനിന്ന് പോകുന്നില്ല. ഇതൊരു എൻഡമിക് വൈറസ് പോലെ ഇവിടെ തുടരുകതന്നെ ചെയ്യും. അങ്ങിനെ വന്നാൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്കൊട്ടാകെ അത് ഉൾക്കൊള്ളാനാവാത്ത വിധത്തിലുള്ള പ്രതിസന്ധി സൃഷ്ടിക്കപ്പെടും. വലിയൊരു ദുരന്തമായിരിക്കും നമ്മളെ കാത്തിരിക്കുന്നത്. തുടരെത്തുടരെയുള്ള ലോക്ക് ഡൗണുകൾ കൊണ്ട് മാത്രം പരിഹരിക്കാനാവാത്ത വിധം അത് വളർന്നിട്ടുമുണ്ടാകും.
അതുകൊണ്ട് എന്റെ ഒരു നിർദ്ദേശം 18 മുതൽ 45 വയസ്സ് വരെ പ്രായമുള്ള ആളുകൾക്ക് ഒറ്റ ഡോസ് വാക്സിൻ കൊടുക്കാനുള്ള നിയമം കൊണ്ടുവരികയും, കഴിയാവുന്നത്ര ആളുകൾക്ക് ഒരു ഡോസ് എങ്കിലും ലഭ്യമാക്കുകയും ചെയ്യുക എന്നുള്ളതാണ്. അതുപോലെ ആറു മുതൽ എട്ട് ആഴ്ച വരെയുള്ള ഇടവേളകളിൽ രണ്ടാമത്തെ വാക്സിൻ എടുക്കുന്നതിന് പകരം 12 ആഴ്ചയിലേക്ക് അത് നീട്ടുകയും ചെയ്യുക. ഒറ്റ ഡോസ് തന്നെ കോംപ്ലിക്കേഷൻ വരാതെ കോവിഡ് രോഗികൾക്ക് പ്രതിരോധം സൃഷ്ടിക്കുന്നുണ്ടെന്ന ആധികാരികമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാനിത് മുന്നോട്ടുവെക്കുന്നത്. നമ്മുടെ ഗവൺമെൻറും, അനുബന്ധമായി പ്രവർത്തിക്കുന്ന ആരോഗ്യരംഗത്തെ വിദഗ്ധരും ദീർഘവീക്ഷണത്തോടെ ഇതേറ്റെടുത്ത് നടപ്പിലാക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്.
"എറണാകുളം മെഡിക്കൽ സെൻററിലെ ക്യാൻസർ രോഗ വിദഗ്ധനും, എപ്പിഡമിയോളജിസ്റ്റുമായ ഡോ.അജു മാത്യുവിന്റെ ഫേസ്ബുക്ക് ലൈവ് ആസ്പദമാക്കി എഴുതിയത് "
ബിജു കൃഷ്ണൻകുട്ടി.