രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ അനുമതി

രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് കൊവാക്സീൻ കുത്തിവയ്പ്പ് നൽകാൻ അനുമതി. ഡിസിജിഐ (ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ)യാണ് കുട്ടികൾക്ക് കൊവാക്സീൻ നൽകാൻ അനുമതി നൽകിയത്. രാജ്യത്ത് കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് കൊവാക്‌സീൻ.
നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സീൻ നൽകാൻ അനുമതി നൽകിയിരുന്നു. മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചായിരുന്നു കുട്ടികളിൽ കൊവാക്സിൻ പരീക്ഷണം നടത്തിയത്. 12 വയസു മുതൽ 18 വയസു വരെ പ്രായമുള്ളവരാണ് ആദ്യ വിഭാഗം. ആറു വയസു മുതൽ 12 വയസു വരെ പ്രായമുള്ള കുട്ടികളെയാണ് രണ്ടാമത്തെ വിഭാഗത്തിൽ ഉള്‍പ്പെടുത്തിയത്.
അതേസമയം, 2 മുതൽ 6 വയസ് വരെയുള്ള കുട്ടികളെ മൂന്നാമത്തെ വിഭാഗത്തിലും ഉള്‍പ്പെടുത്തിയായിരുന്നു പരീക്ഷണം. പരീക്ഷണ കുത്തിവെപ്പ് ഫലങ്ങൾ മികച്ചതായിരുന്നുവെന്ന് ഡിസിജിഐ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സമിതിയുടെ യോഗം കഴിഞ്ഞയാഴ്ച്ച നടന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നിർദേശം. പ്രതിരോധശേഷി കുറഞ്ഞവരുടെ ശരീരം ഒരു പക്ഷെ രണ്ട് ഡോസ് വാക്സീനോട് പ്രതികരിച്ചേക്കില്ല. പ്രതിരോധശേഷി കുറഞ്ഞവർ വാക്സീന്‍റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിട്ടുണ്ട്.
എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ വാക്‌സിൻ സ്വീകരിച്ച കുട്ടികളിൽ രൂപപ്പെട്ട രോഗപ്രതിരോധ ശേഷിയും സുരക്ഷയും മുതിർന്നവർക്കു സമാനമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.