രക്ഷിതാക്കളുടെ സമ്മതമുള്ളവര്‍ക്ക് മാത്രം വാക്‌സിന്‍; 967 സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കും; മന്ത്രി ശിവൻകുട്ടി

500 ലേറെ കുട്ടികളുള്ള സ്‌കൂളുകളിലാണ് വാക്‌സിനേഷന്‍ നല്‍കുക.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 967 സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കും. 500 ലേറെ കുട്ടികളുള്ള സ്‌കൂളുകളിലാണ് വാക്‌സിനേഷന്‍ നല്‍കുക. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

8.14 ലക്ഷം വിദ്യാർത്ഥികൾക്കാണ് വാക്‌സിനേഷന് അര്‍ഹത. ഇതില്‍ 51 ശതമാനം പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയതായി മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വാക്‌സിന്‍ നല്‍കുക. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടെങ്കില്‍, അതുസംബന്ധിച്ച ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 18 ന് വാക്‌സിനേഷന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ സ്‌കൂളുകളിലേയും പിടിഎ യോഗം ചേരും. ഓരോ ദിവസവും വാക്‌സിനേറ്റ് ചെയ്യുന്ന കുട്ടികളുടെ എണ്ണം വിദ്യാഭ്യാസവകുപ്പ് ശേഖരിക്കും.

സ്‌കൂളുകളില്‍ വാക്‌സിനേഷനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കും. ഒരു മുറി രജിസ്‌ട്രേഷനും, മറ്റൊരു മുറി വാക്‌സിനേഷന്‍ റൂമായും മാറ്റും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു റൂം, വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ റൂം, ആംബുലന്‍സ് സര്‍വീസ് വേണമെങ്കില്‍ അതിനുള്ള സൗകര്യം എന്നിവയും ഉറപ്പാക്കും.

ജനുവരി 22, 23 തീയതികളില്‍ 10, 11, 12 ക്ലാസുകള്‍ നടക്കുന്ന വിദ്യാലയങ്ങളില്‍ നാട്ടുകാരുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ശുചീകരണം നടത്തും. ഈ മാസം 21 ന് സ്‌കൂളുകള്‍ അടയ്ക്കുന്ന മുറയക്ക്, ഒന്നു മുതല്‍ 9 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഡിജിറ്റല്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏര്‍പ്പെടുത്തും. ഇതിനുള്ള പുതിയ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്ക് മുമ്പു തന്നെ പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കും. അധ്യാപകര്‍ സ്‌കൂളുകളില്‍ വന്ന് വിക്ടേഴ്‌സ് ചാനലുമായി സഹകരിച്ച് ഓണ്‍ലൈന്‍ പഠനത്തിന് സഹായികളായി മാറണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Related Posts