വാക്സിനുകൾ കാര്യക്ഷമം,എല്ലാവർക്കും ബൂസ്റ്റർ ഡോസുകൾ നൽകേണ്ടതില്ലെന്ന് ലോകത്തെ പ്രമുഖരായ ശാസ്ത്രജ്ഞരുടെ സംഘം, റിപ്പോർട്ട് ലാൻസെറ്റിൽ
കൊവിഡ് വൈറസിനെതിരായ ബൂസ്റ്റർ ഡോസുകൾ ജനസംഖ്യയിൽ എല്ലാവർക്കും നൽകേണ്ടതില്ലെന്ന് വാക്സിൻ വിദഗ്ധർ. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരായ ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ നിഗമനത്തിൽ എത്തിയത്. ലോകത്തെ ഏറ്റവും ആധികാരിക ശാസ്ത്ര ജേണലായ ലാൻസെറ്റിലാണ് വാക്സിൻ റിവ്യൂ പ്രസിദ്ധീകരിച്ചത്.
ആദ്യ രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് മൂന്നാമത് നൽകുന്ന ഡോസിനെയാണ് ബൂസ്റ്റർ ഡോസ് എന്നു പറയുന്നത്. ഒരു പ്രത്യേക ആൻ്റിജന് എതിരായ പ്രതിരോധശേഷി വളർത്താനാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.
നിലവിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച മുഴുവൻ വാക്സിനുകൾക്കും ഉയർന്ന പ്രതിരോധ ശേഷിയുണ്ട്. അവയുടെ അംഗീകൃത ഡോസ് തന്നെ വൈറസിനെ പ്രതിരോധിക്കാൻ പര്യാപ്തമാണ്. അതിനാൽ അധിക ഡോസ് നൽകേണ്ട ആവശ്യമില്ല. ഏറ്റവും അപകടകാരിയായ ഡെൽറ്റ വകഭേദത്തെ പോലും നിലവിൽ നിശ്ചയിച്ച ഡോസുകൾക്ക് ചെറുക്കാനാവും.
അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ സമ്പന്ന രാജ്യങ്ങളിൽ ബൂസ്റ്റർ ഡോസുകൾ നൽകാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത് എന്നത് പ്രധാനമാണ്. അമേരിക്കയിൽ ഈ മാസം തന്നെ ബൂസ്റ്റർ ഡോസുകൾ നൽകാനാണ് പദ്ധതിയിടുന്നത്. സമ്പന്ന രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാർക്ക് മൂന്നാം ഡോസ് നൽകാൻ തുടങ്ങുമ്പോൾ മൂന്നാം ലോക രാജ്യങ്ങളിൽ ഒന്നാം ഡോസു പോലും എങ്ങുമെത്താത്ത അവസ്ഥയിലാണ്.
സമ്പന്ന രാജ്യങ്ങൾ തങ്ങളുടെ കൈവശമുള്ള അധിക വാക്സിൻ ഡോസുകൾ ദരിദ്ര രാജ്യങ്ങളുമായി പങ്കിടണമെന്ന് ലോകാരോഗ്യ സംഘടന നിരവധി തവണ അഭ്യർഥിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല ഉണ്ടായിട്ടുള്ളത്. സമ്പന്ന-ദരിദ്ര രാജ്യങ്ങൾക്കിടയിലെ വാക്സിൻ അസമത്വം അമ്പരപ്പിക്കുന്ന നിലയിൽ തുടരുകയാണ്.