മോർഗൻ ഫ്രീമാനെ ചർമ രോഗിയാക്കി വടകര സഹകരണ ആശുപത്രിയുടെ പരസ്യം; സോഷ്യൽ മീഡിയയിൽ വിവാദം

ലോക പ്രശസ്ത നടനും സംവിധായകനും ഓസ്കർ അവാർഡ് ജേതാവുമായ മോർഗൻ ഫ്രീമാനെ ചർമ രോഗിയാക്കി വടകര സഹകരണ ആശുപത്രി ചെയ്ത പരസ്യ ബോർഡ് വിവാദത്തിൽ. അരിമ്പാറ, ഉണ്ണി, പാലുണ്ണി തുടങ്ങിയ ചർമ രോഗങ്ങൾക്ക് ഒ പി ചികിത്സ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യ ബോർഡിലാണ് ആശുപത്രി മോർഗൻ ഫ്രീമാൻ്റെ മുഖം ഉൾപ്പെടുത്തിയത്.

കറുത്ത വർഗക്കാരനായ നടൻ്റെ മുഖത്ത് നിരവധി പാടുകളുണ്ട്. ആ പാടുകൾ രോഗമാണെന്ന മുൻ ധാരണയോടെ വിലയിരുത്തിയത് വംശീയത മൂലമാണെന്നാണ് ആക്ഷേപം. ലോകമാകെ ആരാധിക്കുന്ന അതുല്യനായ നടനെ ചർമ രോഗിയാക്കി ചിത്രീകരിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്.

ലോകപ്രശസ്ത നടനാണ് മോർഗൻ ഫ്രീമാൻ എന്ന് സംവിധായകൻ പി ജി പ്രേംലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഓസ്കർ പുരസ്കാരമടക്കം നൂറിലേറെ വിഖ്യാത നേട്ടങ്ങൾക്കുടമയാണ് അദ്ദേഹം. അതുല്യനായ ഈ നടൻ ആഫ്രോ അമേരിക്കൻ വംശജരുടെ സാംസ്കാരിക പ്രതിരോധത്തിൻ്റെ പ്രതീകമാണ്. ഈ കൊച്ചു കേരളത്തിൽ പോലും പതിനായിരക്കണക്കായ ആരാധകരെ സൃഷ്ടിച്ച ഉജ്വല പ്രതിഭയാണ്.

വടകരയിലെ സഹകരണാശുപത്രിക്കാർക്ക് ചർമരോഗത്തിന് ഉദാഹരിക്കാൻ കണ്ടെടുക്കേണ്ട മുഖമല്ല മോർഗൻ ഫ്രീമാൻ എന്ന് കുറിപ്പിൽ പറയുന്നു. മറഡോണയുടെ പടം കൊടുത്ത് കുടവയർ മാറ്റാനുള്ള ചികിത്സയ്ക്ക് പരസ്യം തയ്യാറാക്കാൻ വൈകരുതേ സഹകരണക്കാരേ എന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

കേരളത്തിലെ മഹത്തായ സഹകരണ മേഖലയ്ക്ക് തന്നെ തീരാക്കളങ്കവും അപമാനവുമാണ് വടകര സഹകരണ ആശുപത്രിയെന്ന് ചലച്ചിത്ര നിരൂപകനും ഇടതു സഹയാത്രികനുമായ ജി പി രാമചന്ദ്രൻ ഫേസ് ബുക്കിൽ കുറിച്ചു. മലയാളിയുടെ ലോകബോധത്തിനും വടകരക്കാരുടെ വർഗബോധത്തിനും എല്ലാം അപമാനകരമാണ് പരസ്യം.

ഒരു സഹകരണ ആശുപത്രിയുടെ ചർമ രോഗ പരസ്യത്തിൽ മോഡലാക്കേണ്ട ആളല്ല മോർഗൻ ഫ്രീമാൻ എന്ന് എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ശ്രീ പാർവതി ഫേസ് ബുക്കിൽ എഴുതി. അദ്ദേഹം ആരാണെന്നോ എന്താണെന്നോ അറിഞ്ഞിട്ടല്ല പരസ്യം ചെയ്യുന്നത്. കറുത്ത നിറം, റാഷസ് ഉള്ള ഫേസ്, പോരെങ്കിൽ ആഫ്രിക്കൻ അമേരിക്കൻ ലുക്കും. സമ്മയ്ച്ചു വടകര ആശുപത്രിക്കാരെ എന്നാണ് ശ്രീ പാർവതിയുടെ പോസ്റ്റ്.

Related Posts