തിരിച്ചുവരവിൽ വടിവേലുവിന് റെക്കോഡ് പ്രതിഫലം
തുടർച്ചയായ വിവാദങ്ങളിലും ആരോപണങ്ങളിലും സിനിമാ മേഖലയിൽ നിന്നുള്ള നിരോധനത്തിലും കുരുങ്ങി കഴിഞ്ഞ നാലു വർഷക്കാലമായി സിനിമയിൽ സജീവമല്ലാതിരുന്ന തമിഴ് ഹാസ്യതാരം വടിവേലു ഗംഭീരമായ തിരിച്ചുവരവിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 10 കോടി രൂപയുടെ റെക്കോഡ് പ്രതിഫലമാണ് നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് താരത്തിന് ഓഫർ ചെയ്തിരിക്കുന്നത് എന്നാണ് തമിഴ് സിനിമാ രംഗത്തു നിന്നുള്ള പുതിയ വാർത്തകൾ പറയുന്നത്.
2017-ൽ വിജയ് നായകനായ 'മെർസൽ' എന്ന ചിത്രത്തിലാണ് നടൻ അവസാനമായി അഭിനയിച്ചത്.
സന്താനം, യോഗി ബാബു, സൂരി തുടങ്ങി ഇപ്പോൾ കോമഡിയിൽ തിളങ്ങി നിൽക്കുന്നവരേക്കാൾ വളരെ ഉയർന്ന പ്രതിഫലമാണ് വടിവേലു നേരത്തേയും വാങ്ങിയിരുന്നത്.
രാഷ്ട്രീയമായ വിവാദങ്ങളും നിർമാതാക്കളുമായുള്ള തർക്കങ്ങളും വടിവേലുവിന് സിനിമാ മേഖലയിൽ തിരിച്ചടി നൽകിയിരുന്നു. തന്നെ സിനിമാ രംഗത്തുനിന്നും തീർത്തും ഇല്ലാതാക്കാൻ നിക്ഷിപ്ത താത്പര്യക്കാരുടെ ഒരു കോക്കസ് കോപ്പു കൂട്ടുന്നതായി നടൻ ആരോപിച്ചിരുന്നു.
'തലൈനഗരം' ഫെയിം സുരാജ് ആണ് വടിവേലുവിൻ്റെ തിരിച്ചു വരവ് സിനിമ സംവിധാനം ചെയ്യുന്നത്. തലൈ നഗരത്തിൽ വടിവേലു തന്നെ അവതരിപ്പിച്ച 'നായ് ശേഖർ' എന്ന കഥാപാത്രത്തിൻ്റെ പേരാണ് തത്ക്കാലം സിനിമയ്ക്ക് നൽകിയിട്ടുള്ളത്. സുന്ദർ സി ആയിരുന്നു തലൈ നഗരത്തിലെ നായകൻ. തിളക്കമുള്ള സ്യൂട്ടും ആഭരണങ്ങളും ധരിച്ച് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന ഡയലോഗ് ഡെലിവറിയുമായി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നായ് ശേഖർ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് പുതിയ സിനിമ വികസിക്കുന്നത്. തലൈ നഗരത്തിലെ താരത്തിൻ്റെ തകർപ്പൻ ഡയലോഗുകൾ ട്രോളന്മാരുടെ അക്ഷയ ഖനിയാണ്. പിന്നീടുണ്ടായ ചില സിനിമകളുടെ ടൈറ്റിൽ പോലും ഇതിൽ നിന്ന് കടം കൊണ്ടവയാണ്. "നാനും റൗഡി താൻ" എന്ന ഡയലോഗ് ഉദാഹരണമാണ്. വിജയ് സേതുപതി-നയൻതാര ജോഡികളുടെ സൂപ്പർ ഹിറ്റായ ചിത്രത്തിന് അത് ടൈറ്റിലായി മാറി.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.