ചരിത്രം കുറിച്ച് വല്ലച്ചിറ ഗ്രാമപഞ്ചായത്തിൻ്റെ വെര്‍ച്വല്‍ ഓണാഘോഷം

കലാകായിക സാംസ്‌കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിവരുന്ന വല്ലച്ചിറ ഓണാഘോഷ ഗ്രാമോത്സവം വെര്‍ച്വലായി സംഘടിപ്പിച്ചു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ 60 വര്‍ഷമായി ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. വല്ലച്ചിറയിലെ ജനങ്ങളുടെ സാംസ്‌കാരിക നിലവാരം ഉയര്‍ത്തുന്നതില്‍ ഈ കലോത്സവത്തിൻ്റെ പങ്ക് ഏറെയാണ്. 2021ലെ വെര്‍ച്വല്‍ ഓണാഘോഷം വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ മനോജിൻ്റെ നേതൃത്വത്തിലാണ് നടന്നത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വിവിധ ക്ലബ്ബുകളുടെ പ്രദര്‍ശന മത്സരമായാണ് ഇത്തവണ ഗ്രാമോത്സവം സംഘടിപ്പിച്ചത്. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന വെര്‍ച്വല്‍ ഗ്രാമോത്സവത്തിൻ്റെ ഉദ്ഘാടനം പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ മനോജ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വൈകീട്ട് 7.30 വരെ നാടന്‍കലകള്‍ ഉള്‍പ്പെടെ ആകര്‍ഷകങ്ങളായ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. മുന്‍കാലങ്ങളില്‍ 1000 ത്തോളം ആസ്വാദകരാണ് കമ്മ്യൂണിറ്റി ഹാളില്‍ വന്ന് ആഘോഷം കണ്ടിരുന്നതെങ്കില്‍ ഈ വര്‍ഷത്തെ വെര്‍ച്വല്‍ ഓണാഘോഷം 2500ലധികം പേരാണ് തല്‍സമയം വീക്ഷിച്ചത്.

1962 മുതലാണ് വല്ലച്ചിറ ഗ്രാമപഞ്ചായത്തൻ്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് തുടങ്ങിയത്. രണ്ട് മാസം മുന്‍പേ മത്സരങ്ങള്‍ തുടങ്ങും. വിവിധ യുവജന ക്ലബ്ബുകളുടെ വാശിയേറിയ മത്സരം. എല്ലാ ഞായറാഴ്ചകളിലും കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചാണ് പ്രധാന വേദിയിലെ മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നത്. പിന്നീട് തിരുവോണം മുതല്‍ നാലോണം വരെ നീളുന്ന മത്സരങ്ങള്‍. തിരുവോണ ദിനം ഉച്ച കഴിഞ്ഞാല്‍ മാര്‍ച്ച് പാസ്റ്റോടെ തുടക്കം. തുടര്‍ന്ന് ദേശഭക്തിഗാന മത്സരം. അടുത്ത ദിവസം സംഗീത ഉപകരണങ്ങള്‍, വായ്പ്പാട്ട് മത്സരം, നാടകം, തുടങ്ങി അവസാന ദിവസം നൃത്ത നൃത്ത്യങ്ങള്‍. മത്സരങ്ങള്‍ അവസാനിച്ചാല്‍ വിജയികളെ പ്രഖ്യാപിച്ച് മികച്ച ക്ലബ്ബിന് റോളിങ് ട്രോഫി കൂടി നല്‍കുന്നതോടെ ആ വര്‍ഷത്തെ ഓണാഘോഷത്തിന് പരിസമാപ്തിയാകും.

വല്ലച്ചിറ പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളാണ് മത്സരത്തില്‍ പങ്കെടുത്തിരുന്നത്. സാഹിത്യരചന മത്സരങ്ങള്‍, ചിത്രരചന മത്സരങ്ങള്‍, നാടന്‍ കലാ മത്സരങ്ങള്‍, കായികമത്സരങ്ങള്‍, മാര്‍ച്ച് പാസ്റ്റ്, ഘോഷയാത്ര, നാടകമത്സരങ്ങള്‍, നൃത്തമത്സരങ്ങള്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍. മുല്ലപ്പിള്ളി ഗോവിന്ദന്‍കുട്ടി നായര്‍, പാറക്കല്‍ ഔസപ്പ് മാസ്റ്റര്‍, കേശവന്‍ ഇളയത്, സ്വാതന്ത്ര്യ സമര സേനാനി എംഎന്‍ നായര്‍ എന്നിവരടങ്ങിയ വലിയനിര ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട് ഇത് ഓണാഘോഷ ഗ്രാമോത്സവമായി മാറി. 2018 പ്രളയത്തിലും 2020ല്‍ കോവിഡ് മൂലവും ഓണാഘോഷം സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

Related Posts