അംഗീകാരങ്ങൾ വാരിക്കൂട്ടി വലപ്പാട് കാമധേനു ക്ഷീരസംഘം

കഴിഞ്ഞ 3 വർഷം കൊണ്ട് അതിജീവനത്തിൽ നിന്ന് അംഗീകാരങ്ങൾ വാരിക്കൂട്ടുകയാണ് വലപ്പാട് കാമധേനു ക്ഷീരസംഘം. കോവിഡ് മഹാമാരി ട്രിപ്പിൾ ലോക്ക് ഡൗൺ കാലത്ത് വീടുകളിലേക്ക് പാലെത്തിച്ച്‌ നടത്തിയ പ്രവർത്തനം നല്ലവരായ നാട്ടുകാർ ഇപ്പോഴും സ്വീകരിച്ചു വരുന്നു. സൗജന്യ ഓക്സി മീറ്റർ പരിശോധന, വാക്സിൻ രജിസ്ട്രേഷൻ സൗകര്യം, പഞ്ചായത്തിന് കുപ്പിയിലടച്ച ഓക്സി ബൂസ്റ്ററുകൾ എന്നിവ കൂടാതെ ആരോഗ്യ (പവർത്തകർക്ക് ആദരവ് നൽകാൻ ആദ്യമെത്തിയതും കാമധേനുവായിരുന്നു. കർഷകർക്ക് കൃത്യമായ വില വീഴ്ചയില്ലാതെ നൽകുന്നതോടൊപ്പം കർഷകർക്ക് സർക്കാർ, മിൽമ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ സംഘം മുൻപന്തിയിൽ തന്നെയുണ്ട്. ഒരു രൂപ പോലും ലാഭം എടുക്കാതെ കാലിതീറ്റ വിതരണം ചെയ്തു വരുന്നു. ക്ഷീരകർഷകർക്ക് മിനറൽ പൗഡർ, പൊട്ടാസ്യം പെർമാംഗനേറ്റ് , ബ്ലീച്ചിംഗ് പൗഡർ, അരിപ്പകൾ എന്നിവ സൗജന്യമായി വിതരണം നടത്തുന്നുണ്ട്. ക്ഷീര കർഷകർക്ക് പാലിന് പ്രത്യേക ഡീസ്കൗണ്ടും നൽകുന്നുണ്ട്. തൊഴിലുറ പ്പ് പദ്ധതിയുമായി സഹകരിച്ചു കൊണ്ട് അരയേക്കറിൽ നടത്തിയ തീറ്റപ്പുൽ കൃഷി കൂടുതൽ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ്. കർഷരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറിയും മറ്റ് ഉത്പന്നങ്ങളും സംഘത്തിൽ വിൽപന നടത്തുന്നുണ്ട്. ബ്ലോക്കിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള പാൽ സംഭരിക്കുന്നതും വിൽക്കുന്നതിലും പ്രാദേശിക വിൽപ്പനയിലും ജനകീയ പ്രസ്ഥാനമായി മാറിയ കാമധേനു ഒന്നാമതെത്തി നിൽക്കുന്നു. ജാൻസി തിലകൻ പ്രസിഡണ്ടും കെ ബി ഹനീഷ് കുമാർ സെക്രട്ടറിയുമായ സംഘത്തെ വലപ്പാട് പഞ്ചായത്തും കൃഷിഭവനും വ്യവസായികളും ചേർന്ന് സംഘടിപ്പിച്ച ഞാറ്റുവേല ചന്തയിൽ മുൻ കൃഷി മന്ത്രി സുനിൽകുമാർ പൊന്നാടയണിയിച്ചും മൊമന്റോ നൽകിയും ആദരിച്ചു.

Related Posts