വലപ്പാട് ഗ്രാമപഞ്ചായത്ത്‌ പരിധിയിലെ വാഹനാപകടങ്ങൾക്ക് അറുതി വരുത്താൻ ട്രാഫിക് ക്രമീകരണ സമിതി.

എടമുട്ടം പാലപ്പെട്ടി, വലപ്പാട് കുരിശുപള്ളി എന്നിവിടങ്ങളിൽ വളവുകൾക്കു മുൻപായി 60 മീറ്റർ, 30 മീറ്റർ എന്നി അകലത്തിൽ റോഡിന് കുറുകെ ഏഴ് വരികളിലായി റിഫ്ളാക്ടിംഗ് സ്റ്റഡുകൾ സ്ഥാപിക്കും.

പാലപ്പെട്ടി: നാഷണൽ ഹൈവെ വലപ്പാട് ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെടുന്ന എടമുട്ടം പാലപ്പെട്ടി വളവ്, വലപ്പാട് കുരിശുപള്ളി ഭാഗങ്ങളിലെ വളവുകളിൽ തുടർച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾക്ക് അറുതി വരുത്താൻ വലപ്പാട് ഗ്രാമ പഞ്ചായത്ത് ട്രാഫിക് ക്രമീകരണ സമിതി രംഗത്തിറങ്ങുന്നു.

ആഗസ്റ്റ് മാസത്തിൽ മാത്രം ആംബുലൻസ് ഉൾപ്പെടെ ഇരുപതോളം വാഹനങ്ങളാണ് ഇരു സ്ഥലങ്ങളിലുമായി അപകടത്തിൽപ്പെട്ടത്. മൂന്ന് ജീവൻ നഷ്ടമാകുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

2015ൽ ട്രാഫിക് ക്രമീകരണ സമിതിയുടെ നേതൃത്വത്തിൽ മണപ്പുറം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ പാലപ്പെട്ടി വളവിൽ റിഫ്ളാക്ടിംഗ്‌ സ്റ്റഡുകളും മറ്റും സ്ഥാപിച്ചതിനാൽ അപകടങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

മൂന്നു വർഷത്തിന് ശേഷം ഒരുക്കിയ സംവിധാനങ്ങളെല്ലാം കാലഹരണപ്പെട്ടതോടെയാണ് അപകടങ്ങൾ വീണ്ടും വർധിച്ചത്.

വാഹനങ്ങളുടെ അമിതവേഗതയും, ഡ്രൈവർമാരുടെ പാതി മയക്കവും, അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്. റോഡിൽ വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാത്തതിന് പരിഹാരം കണ്ട് അപകടങ്ങൾക്ക് അറുതി വരുത്താനാണ് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്കിൻ്റെയും, വലപ്പാട് ജനമൈത്രി പോലീസ് എസ് എച് ഒ സുശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ട്രാഫിക് ക്രമികരണ സമിതി രംഗത്തിറങ്ങിയിട്ടുള്ളത്.

എടമുട്ടം പാലപ്പെട്ടി, വലപ്പാട് കുരിശുപള്ളി എന്നിവിടങ്ങളിൽ വളവുകൾക്കു മുൻപായി 60 മീറ്റർ, 30 മീറ്റർ എന്നി അകലത്തിൽ റോഡിന് കുറുകെ ഏഴ് വരികളിലായി റിഫ്ളാക്ടിംഗ് സ്റ്റഡുകൾ സ്ഥാപിക്കും. റോഡിന് ഇരുവശവും നിലവിൽ ഉള്ള കാനയെ സംരക്ഷിച്ചു കൊണ്ട് മീതെ കൈവരിയോട് കൂടി ഒരടി ഉയരത്തിൽ നടപ്പാതയും നിർമ്മിക്കും, ഇരു വളവുകളും ഉൾപ്പെടുന്ന പ്രധാന സ്ഥലങ്ങളിൽ എല്ലാം ദൂരത്തിൽ എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കും, പ്രദേശം മുഴുവൻ സമയവും ക്യാമറ നിരീക്ഷണത്തിലാക്കാനുമാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ഹൈവെ സുരക്ഷാസമിതി അംഗം ഷെമീർ എളേടത്ത് യോഗത്തിൽ പദ്ധതി വിശദീകരണം നടത്തി. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്, വലപ്പാട് പോലീസ് എസ് എച് ഒ സുശാന്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി, പഞ്ചായത്ത് അംഗങ്ങളായ ഇ പി അജയഘോഷ്, അശ്വതി മേനോൻ, സിജി സുരേഷ്, ജയൻ കെ കെ, മണി ഉണ്ണികൃഷ്ണൻ, വില്ലേജ് ഓഫീസർ മനോജ് കുമാർ, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജയരാജൻ, നാഷണൽ ഹൈവെ എ ഇ ലയ, മണപ്പുറം ഫൗണ്ടേഷൻ പ്രതിനിധി ശിൽപ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുകയും സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.

Related Posts